ഇസ്‌ലാമാബാദ് സ്ഫോടനം: ശഹ്ബാസ് ശരീഫിന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ‘പാക് തന്ത്രത്തിൽ രാജ്യാന്തര സമൂഹം വീഴില്ല’

ന്യൂഡൽഹി: ഇസ്‌ലാമാബാദ് കോടതി സമുച്ചയത്തിന് പുറത്ത് കാർ പൊട്ടിത്തെറിച്ച സംഭവുമായി ബന്ധപ്പെട്ട പാകിസ്താന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. വിഷയം വഴിതിരിച്ചുവിടാനുള്ള പാകിസ്താന്‍റെ തന്ത്രത്തിൽ രാജ്യാന്തര സമൂഹം വീഴില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

'പാക് നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളയുന്നു. സൈന്യം നടത്തുന്ന ഭരണഘടന അട്ടിമറിയിൽ നിന്നും അധികാര കടന്നുകയറ്റത്തിൽ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനായി ഇന്ത്യക്കെതിരെ തെറ്റായ കഥകൾ മെനയുന്നത് പാകിസ്താന്‍റെ തന്ത്രമാണ്. രാജ്യാന്തര സമൂഹത്തിന് യാഥാർഥ്യം എന്താണെന്ന് നല്ലപോലെ അറിയാം. പാകിസ്താന്‍റെ വഴിതിരിച്ചുവിടൽ തന്ത്രങ്ങളിൽ അവർ തെറ്റിദ്ധരിക്കപ്പെടില്ല' - വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

ഇസ്‍ലാമാബാദിലെ കാർ സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയെയും അഫ്ഗാനിസ്താനെയും കുറ്റപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് രംഗത്തുവന്നിരുന്നു. ജില്ല കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടമാണെന്നാണ് പാക് പ്രധാനമന്ത്രി ആരോപിച്ചത്. ഭീകരവാദത്തിന്‍റ വിപത്ത് പൂർണമായും ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും ശഹ്ബാസ് ശരീഫ് വ്യക്തമാക്കി.

ഇന്ത്യൻ പിന്തുണയിൽ തെഹ് രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി), അഫ്ഗാൻ താലിബാനുമായി ബന്ധമുള്ളവരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച ഇസ്ലാമാബാദിലെ ജി-11 ഏരിയയിലെ ജില്ല കോടതി സമുച്ചയത്തിന് പുറത്താണ് നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇന്‍റർ പാർലമെന്‍ററി സ്പീക്കേഴ്സ് കോൺഫറൻസ്, ആറാമത് മാർഗല്ല ഡയലോഗ്, റാവൽപിണ്ടിയിൽ പാകിസ്താൻ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം അടക്കമുള്ള നിരവധി പരിപാടികൾ നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.

Tags:    
News Summary - MEA slams Pak leadership's remarks in Islamabad Car Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.