ന്യൂഡൽഹി: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഭജൻപുര ചൗക്കിലെ രണ്ട് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി. പൊളിച്ചു മാറ്റിയവയിൽ ക്ഷേത്രവും മുസ്‍ലിം ആരാധനാലയവും ഉൾപ്പെടും. ഇന്ന് രാവിലെ ആറുമണിയോടെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ സേനയുടെ സഹായത്തോടെ ആരാധനാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
സഹറാൻപുർ ഹൈവേയുടെ ഭാഗമായി റോഡ് വീതികൂട്ടലിനായാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്നാണ് അധികൃതർ പറയുന്നത്. ഹനുമാൻ ക്ഷേത്രവും മുസ്‍ലിം പള്ളിയും പൊളിച്ചുമാറ്റാൻ മതാധികൃതരോടും കൂടിയോലിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സമാധാനപരമായാണ് ഇരു കെട്ടിടങ്ങളും പൊളിച്ചു നീക്കിയതെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
എന്നാൽ നടപടിക്കെതിരെ രംഗത്ത് വന്ന ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി റോഡ് വീതി കൂട്ടുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങൾ കൂടി കണക്കിലെടുത്ത് ഡൽഹിയിലെ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെണ് ദിവസങ്ങൾക്ക് മുമ്പ് ലഫ്. ഗവർണറോട് ആവശ്യപ്പെട്ടിരുന്നതായും അവർ ട്വീറ്റ് ചെയ്തു. കഴിഞ്ഞാഴ്ച മന്ദാവാലി മേഖലയിലെ ഷാനി ക്ഷേത്രത്തിന് സമീപത്തെ അനധികൃത നിർമാണം ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിച്ചു നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.