പ്രശാന്ത് കിഷോർ
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് പ്രശാന്ത് കിഷോറിന്റെ പാർട്ടിയായ ജൻ സുരാജ്. വർഷങ്ങളായി വിദ്യാർഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങൾ തയാറാക്കുന്ന ഗണിത ശാസ്ത്ര വിദഗ്ധനും ഡോക്ടർമാരും മുൻ ബ്യൂറോക്രാറ്റുകളും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 51 പേരുടെ പട്ടികയാണ് പ്രശാന്ത് കിഷോർ പുറത്തുവിട്ടിരിക്കുന്നത്. നവംബറിൽ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കു. ആദ്യഘട്ടം നവംബർ ആറിനാണ്. രണ്ടാംഘട്ടം നവംബർ 11നും. നവംബർ 18ന് ഫലം പ്രഖ്യാപിക്കും.
ജൻ സുരാജ് പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ 13ശതമാനം മുസ്‍ലിം സ്ഥാനാർഥികളുണ്ട്. 17 ശതമാനം തീർത്തും പിന്നാക്കം നിൽക്കുന്ന സമൂഹത്തിൽ നിന്നുള്ളവരാണ്. രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ നിലകൊള്ളുന്ന പ്രശാന്ത് കിഷോർ, സ്ഥാനാർഥികളുടെ ക്ലീൻ ഇമേജ് അടക്കം നോക്കിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
കെ.സി. സിൻഹയാണ് സ്ഥാനാർഥി പട്ടികയിലെ സെലിബ്രിറ്റി. കുമ്രാറിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുക. പട്ന യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നു ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ് പതിറ്റാണ്ടുകളായി ബിഹാറിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ വൈ.ബി. ഗിരിയാണ് മറ്റൊരു സ്ഥാനാർഥി. പട്ന ഹൈകോടതി അഭിഭാഷകനായ ഇദ്ദേഹം സുപ്രധാനമായ നിരവധി കേസുകൾ വാദിച്ചിട്ടുണ്ട്. ബിഹാർ അഡീഷനൽ അഡ്വക്കറ്റ് ജനറലായും അഡീഷനൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മാഞ്ചിയിലാണ് ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നത്.
ഡോ. അമിത് കുമാർ ആണ് ജൻ സുരാജിന്റെ മുസഫർപുരിലെ സ്ഥാനാർഥി. പട്ന മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയായ ഇദ്ദേഹം ഗ്രാമീണ മേഖലയിൽ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ എത്തിക്കുന്നതിനായി ശ്രമിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്. ഇരുവരും ചേർന്ന് മുസഫർപുരിൽ ഒരു ആശുപത്രി നടത്തുന്നുണ്ട്.
ഇപ്പോൾ പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ പ്രശാന്ത് കിഷോറിന്റെ പേരില്ല. അദ്ദേഹം മത്സരിക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ആർ.ജെ.ഡിയുടെ ശക്തികേന്ദ്രമായ രഘോപൂരിൽ നിന്ന് മത്സരിക്കാൻ താൽപര്യമുള്ളതായി പ്രശാന്ത് കിഷോർ നേരത്തേ അറിയിച്ചിരുന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ സിറ്റിങ് സീറ്റാണിത്. അല്ലെങ്കിൽ തന്റെ മണ്ഡലമായ കാർഗഹറിൽ നിന്ന് ജനവിധി തേടുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവിട്ട പട്ടിക പ്രകാരം റിതേഷ് രഞ്ജനെയാണ് കാർഗഹറിൽ നിർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.