ഇസ്‍ലാമാബാദ്: കഴിഞ്ഞ വർഷം സേനാ ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് പാക് യുവതിയുമായുള്ള വിവാഹം ‘മറച്ചുവെച്ചതിന്’ സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ആർ.പി.എഫ് സൈനികൻ മുനീർ അഹമ്മദ്.
2017 ഏപ്രിലിൽ സി.ആർ.പി.എഫിൽ ചേർന്ന ജമ്മുവിലെ ഘരോട്ട പ്രദേശത്തെ താമസക്കാരനായ മുനീർ അഹമ്മദ്, തന്റെ പിരിച്ചുവിടലിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പറഞ്ഞു. തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ വനിതയായ മിനാൽ ഖാനുമായുള്ള വിവാഹം ‘മറച്ചുവെച്ചതിനും’ വിസയുടെ സാധുതക്ക് അപ്പുറം അറിഞ്ഞുകൊണ്ട് അവരെ താമസിപ്പിച്ചതിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷക്ക് ഹാനികരമാണെന്ന് ആരോപിച്ച് സെൻട്രൽ റിസർവ് പൊലീസ് സേന അഹമ്മദിനെ പിരിച്ചുവിട്ടിരുന്നു.
എന്നാൽ, മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് തന്നെ പിരിച്ചുവിട്ട വിവരം ആദ്യം അറിഞ്ഞതെന്ന് മുനീർ പറഞ്ഞു. ‘ പിനീട് പിരിച്ചുവിട്ട വിവരം അറിയിച്ചുകൊണ്ട് സി.ആർ.പി.എഫിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. ഇത് എന്നെയും കുടുംബത്തെയും ഞെട്ടിച്ചു. കാരണം പാക് പൗരയുമായുള്ള വിവാഹത്തിന് ആസ്ഥാനത്തുനിന്ന് ഞാൻ അനുമതി തേടിയിരുന്നു’ -അഹമ്മദ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
26പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായി പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുനീറും മിനാലും തമ്മിലുള്ള വിവാഹം വാർത്തയായത്. ഫെബ്രുവരി 28ന് അട്ടാരി-വാഗ അതിർത്തി വഴി മിനാൽ ഖാൻ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മാർച്ച് 22ന് അവരുടെ ഹ്രസ്വകാല വിസ അവസാനിച്ചു. എന്നാൽ, അവരുടെ നാടുകടത്തൽ ഹൈകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്യുകയുണ്ടായി. ഇപ്പോൾ മുനീറിന്റെ ജമ്മുവിലെ വസതിയിലാണ് മിനാൽ താമസിക്കുന്നത്.
‘പാക് പൗരയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചുകൊണ്ട് ഞാൻ 2022 ഡിസംബർ 31ന് ആദ്യ കത്തിടപാട് നടത്തി. പാസ്‌പോർട്ടിന്റെ പകർപ്പുകൾ, വിവാഹ കാർഡ്, സത്യവാങ്മൂലങ്ങൾ എന്നിവയുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. എന്റെ സത്യവാങ്മൂലവും എന്റെ മാതാപിതാക്കളുടെയും സർപഞ്ചിന്റെയും ജില്ലാ വികസന കൗൺസിൽ അംഗത്തിന്റെയും സത്യവാങ്മൂലങ്ങളും ശരിയായ മാർഗങ്ങളിലൂടെ സമർപ്പിച്ചു. ഒടുവിൽ 2024 ഏപ്രിൽ 30ന് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചു’- അദ്ദേഹം പറഞ്ഞു.
തുടർന്ന് സി.ആർ.പി.എഫ് സൈനികൻ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. പക്ഷേ, അത്തരമൊന്ന് ലഭ്യമല്ലെന്നും നിയമങ്ങൾക്കനുസൃതമായി ഒരു വിദേശ പൗരയുമായുള്ള വിവാഹം സർക്കാറിനെ അറിയിച്ചുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചു.
‘കഴിഞ്ഞ വർഷം മെയ് 24ന് ഞങ്ങൾ വിഡിയോ കോളിലൂടെ ഓൺലൈനായി വിവാഹിതരായി. തുടർന്ന്, ഞാൻ നിയമിക്കപ്പെട്ട എന്റെ 72-ാമത്തെ ബറ്റാലിയന് വിവാഹ ചിത്രങ്ങൾ, നിക്കാഹ് രേഖകൾ, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചു.
ഫെബ്രുവരി 28ന് 15 ദിവസത്തെ വിസയിൽ അവൾ ആദ്യമായി വന്നപ്പോൾ മാർച്ചിൽ തന്നെ ഞങ്ങൾ ദീർഘകാല വിസക്ക് അപേക്ഷിക്കുകയും അതിനുള്ള അഭിമുഖം ഉൾപ്പടെയുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു’ -അദ്ദേഹം പറഞ്ഞു. ബുധനാഴ്ച അവസാന നിമിഷം ഭാര്യയുടെ നാടുകടത്തൽ സ്റ്റേ ചെയ്തുകൊണ്ട് ജമ്മു കശ്മീർ, ലഡാക്ക് ഹൈകോടതി അവർക്ക് ആശ്വാസം നൽകുന്നതിന് ഇത് വഴിയൊരുക്കി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അവധി കാലയളവ് അവസാനിച്ചപ്പോൾ മുനീർ തന്റെ ജോലിയിൽ തിരിച്ചെത്തിയതായും മാർച്ച് 25 ന് സുന്ദർബാനിയിലെ ബറ്റാലിയൻ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും എന്നാൽ മാർച്ച് 27ന്, എനിക്ക് ഒരു ട്രാൻസ്ഫർ ഓർഡർ നൽകുകയും മധ്യപ്രദേശിലെ ഭോപ്പാലിൽ 41-ാമത്തെ ബറ്റാലിയനിൽ, 15 ദിവസത്തെ നിർബന്ധിത ജോയിനിംഗ് കാലയളവ് നൽകാതെ നിയമിക്കുകയും ചെയ്തു.
‘ഉത്തരവിന്റെ പകർപ്പ് എനിക്ക് ലഭിച്ച ഉടൻ തന്നെ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാർച്ച് 29 ന് ഞാൻ ഭോപ്പാലിൽ ജോലിയിൽ പ്രവേശിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. അവിടെ എത്തിയപ്പോൾ കമാൻഡിംഗ് ഓഫിസറുടെയും ഡെപ്യൂട്ടിയുടെയും അഭിമുഖം ഞാൻ നേരിട്ടു. കൂടാതെ ഒരു പാകിസ്താൻ സ്ത്രീയുമായുള്ള എന്റെ വിവാഹം വ്യക്തമായി പരാമർശിച്ചുകൊണ്ട് ഡോക്യുമെന്റേഷൻ പ്രക്രിയയും പൂർത്തിയാക്കി’ -അദ്ദേഹം പറഞ്ഞു.
തന്റെ ബറ്റാലിയൻ ഡാറ്റ റെക്കോർഡ് ബുക്കിൽ പോലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും തന്നെ പുറത്താക്കിയതിനെതിരെ വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കുമെന്നും സി.ആർ.പി.എഫ് ജവാൻ പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.