ജയ്പൂർ: മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ രാജസ്ഥാൻ പൊലീസ് പിടികൂടി. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് വഞ്ചിക്കുകയും പണവും മറ്റും തട്ടിയെടുക്കുകയും ചെയ്തത്. ഭോപ്പാലിൽനിന്നാണ് 23കാരിയായ അനുരാധയെ രാജസ്ഥാനിലെ സവായ് മധോപുർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നാലെ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി കടന്നുകളയുന്നതാണ് പതിവ്. സവായ് മധോപുർ സ്വദേശിയായ വിഷ്മു ശർമ നൽകിയ പരാതിയിലാണ് യുവതി പിടിയിലാകുന്നത്.
രണ്ടു ഏജന്‍റുമാരാണ് വിവാഹം കഴിക്കാനായി അനുരാധയെ വിഷ്ണുവിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. രണ്ടു ലക്ഷം രൂപയും ഏജന്‍റുമാർ വാങ്ങി. ഏപ്രിൽ 20നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നാഴ്ച ഇരുവരും ഒരുമിച്ചു കഴിഞ്ഞു. പിന്നാലെ കഴിഞ്ഞ മെയ് രണ്ടിന് സ്വർണവും പണവും ഉൾപ്പെടെ കൈക്കലാക്കി അനുരാധ കടന്നുകളയുകയായിരുന്നു.
നേരത്തെ, ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ആശുപത്രി ജീവനക്കാരിയായിരുന്നു അനുരാധ. ഭർത്താവുമായി പിരിഞ്ഞശേഷം യുവതി ഭോപ്പാലിക്ക് താമസം മറി. ഇവിടെ വെച്ചാണ് വിവാഹ തട്ടിപ്പു സംഘവുമായി പരിചയത്തിലാകുന്നത്. ഭോപ്പാലിലെത്തി ഗബ്ബാർ എന്നയാളെ അനുരാധ സമാനരീതിയിൽ വിവാഹം കഴിച്ചിരുന്നു. വിവാഹ താൽപര്യം പ്രകടിപ്പിച്ച് ഒരു പൊലീസുകാരൻ അനുരാധയുടെ ഏജന്‍റുമാരെ ബന്ധപ്പെടുകയും സംഘത്തെ കസ്റ്റഡിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.