പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ബലാത്സംഗ കുറ്റങ്ങളിൽ നിന്നുള്ള സംരക്ഷണമല്ല -ബോംബെ ഹൈകോടതി

മുംബൈ: പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ശാരീരിക ബന്ധത്തിൽ സമ്മതം ഉണ്ടായിരുന്നാൽ പോലും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വ്യവസ്ഥകൾ ബാധകമാവുമെന്ന് ബോംബെ ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ അവർക്ക് ഒരു കുട്ടിയുണ്ടെന്നും വാദിച്ച 29 വയസ്സുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കാൻ ബോംബെ ഹൈകോടതി വിസമ്മതിച്ചു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് മുക്തനാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.

17 വയസ്സുള്ള പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നു താനെന്നും 18 വയസ്സ് തികഞ്ഞപ്പോഴാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നുമുള്ള യുവാവിന്റെ വാദം അംഗീകരിക്കാൻ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നന്ദേഷ് ദേശ്പാണ്ഡെ എന്നിവർ സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച ഉത്തരവിൽ വിസമ്മതിച്ചു.

ഈ വർഷം ജൂലൈയിൽ അകോള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും കുടുംബാംഗങ്ങളും സമർപിച്ച അപേക്ഷ കോടതി തള്ളി. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷൻ പ്രകാരം, ഇര വിവാഹിതയാകുമ്പോൾ 17 വയസ്സായിരുന്നു. ഈ വർഷം മെയ് മാസത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകി.

പ്രതി ലൈംഗികമായി പീഡിപ്പിച്ചത് വീട്ടുകാർ അറിഞ്ഞതിനെത്തുടർന്ന് ഇരയെ പ്രതിക്ക് വിവാഹം കഴിപ്പിച്ചു നൽകുകയായിരുന്നു. പെൺകുട്ടിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലായിരുന്നു താനെന്നും 18 വയസ്സ് തികഞ്ഞതിനു ശേഷമാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതെന്നും പ്രതി അവകാശപ്പെട്ടു. തനിക്കെതിരെ കേസെടുത്ത് ശിക്ഷിച്ചാൽ ഇരയും കുട്ടിയും കഷ്ടപ്പെടുമെന്നും സമൂഹത്തിൽ അവർ അംഗീകരിക്കപ്പെടില്ലെന്നും ഇയാൾ അവകാശപ്പെട്ടു. എഫ്‌.ഐ.ആർ റദ്ദാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് കോടതിയിൽ ഹാജറായിക്കൊണ്ട് പെൺകുട്ടിയും പറഞ്ഞു.

എന്നാൽ, പോക്‌സോ നിയമത്തിലെ വ്യവസ്ഥകളുടെ പ്രാഥമിക ലക്ഷ്യം 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ലൈംഗികാതിക്രമം, പീഡനം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും അത്തരം ഇരകൾക്ക് പിന്തുണ നൽകുന്ന അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതാണ് എന്ന് ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

Tags:    
News Summary - Marriage to minor no shield from rape charges under POCSO Act: Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.