മാർക്കോ റൂബിയോയും നരേന്ദ്ര മോദിയും
ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ യു.എസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. കൂടിക്കാഴ്ചയിൽ, അടുത്ത ഭാവിയിൽ തന്നെ വാഷിങ്ടണിലെ വൈറ്റ് ഹൗസ് സന്ദർശിക്കാനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഔദ്യോഗിക ക്ഷണം റൂബിയോ പ്രധാനമന്ത്രിയെ അറിയിച്ചു.
ഇന്ന് രാവിലെ കൊൽക്കത്തയിലാണ് മാർക്കോ റൂബിയോ ആദ്യം എത്തിയത്. അവിടെ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ 'മദർ ഹൗസ്' സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ കൊൽക്കത്ത നഗരം സന്ദർശിക്കുന്ന ആദ്യത്തെ മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനാണ് റൂബിയോ എന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് പുറമെ ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
നാളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി മാർക്കോ റൂബിയോ വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. ആഗോളതലത്തിലെ പുതിയ യുദ്ധസാഹചര്യങ്ങളും വ്യാപാര തർക്കങ്ങളും നയതന്ത്ര മുൻഗണനകളെ മാറ്റിമറിക്കുന്ന പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. യു.എസ്-ഇറാൻ സംഘർഷവും അത് ആഗോള ഊർജ വിതരണത്തിലുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയമാകും. കൂടാതെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമീപകാലത്തെ വ്യാപാര-താരിഫ് തർക്കങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങൾ ചർച്ചയിലുണ്ടാകും.
മേയ് 26 ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലും റൂബിയോ പങ്കെടുക്കും. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യാത്രയ്ക്ക് തൊട്ടുമുമ്പ് റൂബിയോ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.