മുംബൈ: രാജ്യദ്രോഹ കുറ്റം ചുമത്തി നാലുവർഷം മുമ്പ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളി ജയിലിൽനിന്ന് പുറത്തിറങ്ങി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് പുണെയിലെ യേർവാദ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബോംെബ ഹൈകോടതിയാണ് ജാമ്യം നൽകിയത്. ഇതിനെതിരായ മഹാരാഷ്ട്ര സർക്കാറിെൻറ അപ്പീൽ രണ്ടു മാസം മുമ്പ് സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ മാസവും ഒന്ന്, 16 തീയതികളിൽ എ.ടി.എസിന് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
2015 മേയ് എട്ടിനാണ് മലയാളിയായ മുരളി കണ്ണമ്പിള്ളിയെ പുണെ എ.ടി.എസ് മാവലിലെ വാടക ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള ചികിത്സക്കായി അവിടെ താമസിക്കുകയായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിനുശേഷമാണ് മുരളി പിടിയിലാകുന്നത്. ജാമ്യത്തിൽ ഇറങ്ങിയാൽ ഒളിവിൽ പോകുമെന്ന എ.ടി.എസ് വാദം അംഗീകരിച്ച് പുണെ കോടതി പലകുറി ജാമ്യം നിഷേധിച്ചിരുന്നു.
ഹൃദയ ശസ്ത്രക്രിയക്കു ശേഷമുള്ള തുടർ ചികിത്സക്ക് അനുവദിക്കാതെ മുരളിയെ ജയിലിൽ അടച്ചതിന് എതിരെ നോം ചോംസ്കി അടക്കമുള്ളവർ പ്രതികരിക്കുകയും ബ്രസീൽ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മാവോവാദി പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രവും അപകടകാരിയുമെന്നാണ് എ.ടി.എസിെൻറ ആരോപണം.
എറണാകുളം, ഇരുമ്പനം കണ്ണമ്പള്ളി കുടുംബാംഗമായ മുരളി ആസ്ട്രേലിയൻ ഹൈകമീഷണറായിരുന്ന കരുണാകര മേനോെൻറ മകനാണ്. 70കളിൽ കോഴിക്കോട് ആർ.ഇ.സിയിൽ പഠിക്കുന്ന കാലത്താണ് സി.പി.െഎ-എം.എൽ പ്രസ്ഥാനത്തിെൻറ ഭാഗമാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജൻ സഹപാഠിയായിരുന്നു. 76 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു. മുരളിയെ സ്വീകരിക്കാൻ സേവ് മുരളി ഫോറം പ്രവർത്തകർ പുണെയിൽ എത്തി. മുരളി മുംബൈയിലെ സഹോദരെൻറ അടുത്തേക്ക് പോകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.