രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മൻമോഹൻ സിങ്ങും വഹാബും വോട്ടു ചെയ്യാൻ വീൽചെയറിൽ

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ വക വെക്കാതെ രാഷ്​​ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുസ്​ലിം ലീഗ്​ എം​.പി പി.വി അബ്​ദുൽ വഹാബും എത്തിയത്​ വീൽചെയറിൽ.

89 വയസുള്ള ഡോ. മൻ​മോഹൻ സിങ്ങ്​ ഇതാദ്യമായാണ്​ പാർലമെന്‍റിൽ വീൽചെയറിലെത്തുന്നത്​. ആരാഗ്യേപരമായ കാരണങ്ങളാൽ കഴിഞ്ഞ തൈ്യകാല സമ്മേളനത്തിൽ സിങ്ങ്​ അവധിയിലായിരുന്നു. വീൽചെയറിലും വന്ന്​ വോട്ടുചെയ്ത സിങ്ങിന്‍റെ ചിത്രം കോൺഗ്രസ്​ പ്രവർത്തകർ ആവേശപൂർവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. സിങ്ങിന്‍റെ ഈ വരവ്​ പ്രചോദനമാണെന്ന് പല നേതാക്കളും അഭിപ്രായപ്പെടുകയും ചെയ്തു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്​ ഏതാനും ദിവസമായി കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വഹാബ്​ ആശുപത്രിക്കിടക്കയിൽ നിന്നാണ്​​ വോട്ടു ചെയാനെത്തിയത്​. വീൽചെയറിലായിരുന്നു വഹാബിന്‍റെയും വരവ്​.


ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ വർഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സിങ് പ​ങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമു, സംയുക്ത പ്രതിപക്ഷ നേതാവ് യശ്വന്ത് സിൻഹയ്‌ക്കെതിരെ മത്സരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് നടപടികൾ അവസാനിച്ചു.

വിവിധ സംസ്ഥാന അസംബ്ലികളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ സംസ്ഥാനങ്ങളിലെ ആദ്യ വോട്ടർമാരാണ്. .

എം.പിമാരും എം.എൽ.എമാരും ഉൾപ്പടെ തെരഞ്ഞെടുക്കപ്പെട്ട 4,800 ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്. എന്നാൽ നോമിനേറ്റഡ് എംപിമാർക്കും എംഎൽഎമാർക്കും ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങൾക്കും വോട്ട് ചെയ്യാനാകില്ല. പോളിംഗ് സ്റ്റേഷനാക്കി മാറ്റിയ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലെ റൂം നമ്പർ 63 കൂടാതെ, വിവിധ സംസ്ഥാന അസംബ്ലികളിൽ ഒരേസമയം വോട്ടെടുപ്പ് നടന്നു.


രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എം.പിമാരോടും എം.എൽ.എമാരോടും തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് വോട്ടുചെയ്യണമെന്ന് പ്രതിപ‍ക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ അഭ്യർഥിച്ചിരുന്നു. തെരഞ്ഞെടുപ്പുഫലം രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ എല്ലാ വോട്ടർമാരോടും അവരുടെ മനസിനെ കേൾക്കാൻ അഭ്യർഥിക്കുന്നു. ഇത് ഒരു രഹസ്യ ബാലറ്റാണ്, അവർ അവരുടെ വിവേചനാധികാരം ഉപയോഗിക്കുമെന്നും ജനാധിപത്യത്തെ രക്ഷിക്കാനായി എന്നെ തെരഞ്ഞെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'-യശ്വന്ത് സിൻഹ പറഞ്ഞു.


കുതിരക്കച്ചവടം നടക്കുന്നു എന്നാരോപിച്ച സിൻഹ തെരഞ്ഞെടുപ്പ് മത്സരത്തിൽ നടക്കുന്നത് 'പണത്തിന്‍റെ കളി'യാണന്നും പറഞ്ഞു. താൻ നടത്തുന്നത് കേവലം രാഷ്ട്രീയപോരാട്ടമല്ലെന്നും കേന്ദ്ര ഏജൻസികൾക്ക് എതിരെ കൂടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ഭരണകക്ഷിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Manmohan Singh, In Wheelchair, Votes In Presidential Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.