ന്യൂഡൽഹി: ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാത്ത വിഷയം സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തിന്മേൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ സുമിത്ര മഹാജൻ അവതരണാനുമതി നിഷേധിച്ചു. സ്പീക്കറുടെ സമീപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, എൻ.സി.പി, രാഷ്ട്രീയ ജനതാദൾ അംഗങ്ങൾ ഇറങ്ങിപ്പോയി.
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്ന് ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിച്ച കോൺഗ്രസിെൻറ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. വിഷയം ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ ചോദ്യോത്തര വേള കഴിഞ്ഞപ്പോൾ ശൂന്യവേള ഉണ്ടായിരിക്കുന്നതല്ലെന്നാണ് സ്പീക്കർ അംഗങ്ങളെ അറിയിച്ചത്. ഇതോടെയാണ് ‘സ്വേച്ഛാധിപത്യ’ത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത്. ഗോവയിലും മണിപ്പൂരിലും പണത്തിെൻറ ശക്തികൊണ്ട് ജനാധിപത്യത്തെ തരംതാഴ്ത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെൻറിനു പുറത്ത് വാർത്തലേഖകരോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും കോൺഗ്രസാണ് വിജയിച്ചത്. എന്നാൽ പണത്തിെൻറ ശക്തികൊണ്ട് രണ്ട് സംസ്ഥാനങ്ങളിലും ജനവിധിയെ അവമതിക്കുകയാണ്. മനോഹർ പരീകറെ മുഖ്യമന്ത്രിയായി ഗവർണർ ‘നിയമിച്ചതു’വഴി സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുന്നതു തന്നെ വിഷമകരമായി.
പ്രതിപക്ഷമെന്ന നിലയിൽ ബി.ജെ.പിക്കെതിരായ പോരാട്ടം കോൺഗ്രസ് തുടരും. ബി.ജെ.പിയുടെ ആശയങ്ങളോട് കോൺഗ്രസ് പോരാടും. കോൺഗ്രസ് ഇപ്പോൾ പ്രതിപക്ഷത്താണ്. ഒാരോരുത്തർക്കും കയറ്റിറക്കങ്ങൾ ഉണ്ടാവും. യു.പിയിൽ അൽപം പിന്നോട്ടുപോയി. അത് അംഗീകരിക്കുന്നു ^രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിെൻറ ആരോപണം മന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി എന്നിവർ തള്ളി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസുമായി ടെലിഫോണിൽപോലും കൂടിയാലോചനക്ക് തയാറാകാതെ രണ്ടാം കക്ഷിയായ ബി.ജെ.പിക്ക് ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപവത്കരിക്കാൻ ആദ്യാവസരം നൽകിയ സംസ്ഥാന ഗവർണർമാർ ഭരണഘടന മര്യാദ പാലിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനവിധി അട്ടിമറിക്കുന്നതാണ് ഗോവയിലെയും മണിപ്പൂരിലെയും കാഴ്ച.
ഗോവയിൽ മുഖ്യമന്ത്രിയും ആറു മന്ത്രിമാരും തോറ്റുപോയിട്ടും വോെട്ടണ്ണൽ നടന്ന് 24 മണിക്കൂറിനകം ബി.ജെ.പി നേതാവ് മനോഹർ പരീകറെ മുഖ്യമന്ത്രിയായി ‘നിയമിക്കുക’യാണ് ഗവർണർ ചെയ്തത്. ഇത്തരത്തിൽ നിയമനം നടത്താൻ ഗവർണർക്ക് അധികാരമില്ല. നടപടിക്രമങ്ങളിൽ വലിയ പിഴവുകളുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയോ ചുരുങ്ങിയപക്ഷം കൂടിയാലോചന നടത്തുകയോ ചെയ്യണമെന്ന് സർക്കാരിയ, പൂഞ്ചി കമീഷൻ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പരീകറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചെങ്കിലും നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ 15 ദിവസ സാവകാശം നൽകിയ ഗവർണറുടെ തീരുമാനം സുപ്രീംകോടതി അംഗീകരിച്ചില്ല. വിശ്വാസവോെട്ടടുപ്പിൽ മനോഹർ പരീകർ പരാജയപ്പെടും. മണിപ്പൂരിൽ പിന്നാമ്പുറ നീക്കങ്ങളിലൂടെ ഭൂരിപക്ഷം സമാഹരിക്കാൻ സമ്മർദ തന്ത്രങ്ങൾ എം.എൽ.എമാർക്കു നേരെ ബി.ജെ.പി പ്രയോഗിക്കുകയാെന്നെും അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.