17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു

ലഖ്നോ: 17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു. ലഖ്നോവിൽ തർക്കത്തെ തുടർന്ന് നാലാംനിലയിൽ നിന്നും ഇയാൾ പെൺകുട്ടിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. വെള്ളിയാഴ്ച നടന്ന യു.പി പൊലീസ് എൻകൗണ്ടറിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്.

മുഹമ്മദ് സൂഫിയാൻ എന്നയാളാണ് നിധി ഗുപ്തയെന്ന 17കാരിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ മരണത്തിന് ശേഷം സൂഫിയാൻ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നവർക്ക് 25,000 രൂപ ഇനാം യു.പി പൊലീസ് പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു.

കൊലപാതക കുറ്റത്തിന് പുറമേ നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചുവെന്ന വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറേക്കാലമായി സൂഫിയാൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. ചൊവ്വാഴ്ച ഇരുവരുടേയും ബന്ധമറിഞ്ഞ കുടുംബം സൂഫിയാന്റെ വീട്ടിലെത്തി. അവിടെ തർക്കമുണ്ടാവുകയും ഇതിനിടെ പെൺകുട്ടി നാലാംനിലയിലേക്ക് കയറുകയുമായിരുന്നു. പെൺകുട്ടിക്ക് പിന്നാലെ സൂഫിയാനും നാലാം നിലയിലെത്തി. തുടർന്ന് പെൺകുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടു. കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Man who pushed 17-year-old girlfriend to death shot at during police encounter in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.