പിതാവിന്റെ മോഹം പൂവണിയിക്കാൻ ഏഴ് വർഷം ഐ.എ.എസ് ഓഫിസറായി ജീവിതം; ആൾമാറാട്ടത്തിനൊടുവിൽ യുവാവ് പിടിയിൽ

ഝാർഖണ്ഡ്: ‘ഗവണ്മെന്റ് ഓഫ് ഇന്ത്യ’ ബോർഡ് വെച്ച കാർ, കൈവശം ഐ.എ.എസ് ഓഫീസറുടെ തിരിച്ചറിയൽ കാർഡ്, ആരെയും വിശ്വസിപ്പിക്കുന്ന പെരുമാറ്റം, ഒടുവിൽ ഏഴ് വർഷത്തിനു ശേഷം പിടിയിൽ. ഝാർഖണ്ഡിലെ പലാമുവിലാണ് ​ഐ.എ.എസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവിനെ പിടികൂടിയത്.

മകൻ ഐ.എ.എസുകാരനാകണമെന്ന പിതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനായാണ് 35 കാരനായ രാജേഷ് കുമാറാർ ഏഴ് കൊല്ലം ഐ.എ.എസ് ഓഫീസറായി ആൾമാറാട്ടം നടത്തിയത്. നാലു തവണ യു.പി.എസ്.സി പരീക്ഷ എഴുതി തോറ്റ യുവാവാണ് ഏഴ് കൊല്ലമായി വ്യാജ ഉദ്യോഗസ്ഥ ജീവിതം നയിച്ചത്. തന്റെയും അച്ഛന്റെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പരീക്ഷ എഴുതിയെങ്കിലും ജയിക്കാൻ സാധിക്കാതെ വന്നതോടെ കുറുക്കുവഴി കണ്ടെത്തിയതാണ് ഇപ്പോൾ പുലിവാലായത്.

ജനുവരി രണ്ടിന് ഹുസൈനാബാദ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ദീർഘ കാലമായുള്ള രാ​ജേഷിന്റെ നാടകം പൊളിഞ്ഞത്. ഭുവനേശ്വറിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ 2014 ഒഡീഷ ബാച്ച് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാ​ണെന്നാണ് യുവാവ് പൊലീസുകാരോട് പരിചയ​പ്പെടുത്തിയത്. തന്റെ ഗ്രാമത്തിലെ ഭൂമി തർക്കത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. തുടർന്ന് പൊലീസു​മായുള്ള ആശയവിനിമയത്തിലാണ് സംശയം ഉടലെടുത്തത്.

സംസാരത്തിനിടെ തന്റെ സർവീസ് ഹിസ്റ്ററിയെ കുറിച്ച് രാജേഷ് നൽകിയ വിവരങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കിയത്. ഒഡീഷ കേഡറാണെന്ന് അവകാശപ്പെട്ട ഇയാൾ ഹൈദരാബാദ്, ഡെറാഡൂൺ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതാണ് ആദ്യത്തെ പൊരുത്തക്കേട്. കൂടുതൽ വിവരം അന്വേഷിച്ചപ്പോൾ താൻ ഐ.എ.എസ് ഉദ്യോഗസ്ഥനല്ലെന്നും അതിന് തുല്യമായ ഐ.പി.ടി.എ.എഫ്.എസ് ഉദ്യോഗസ്ഥനാണെന്നും രാജേഷ് അവകാശപ്പെട്ടു.

ഇതിൽ സംശയം തോന്നിയ പൊലീസ് ഉദ്യേഗസ്ഥർ വിവരം​ മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ രാജേഷ് അവകാശപ്പെട്ട ബാച്ചിൽ ഇയാളുടെ പേരില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്.

സിവിൽ സർവീസ് മോഹം പൂവണിയാൻ നാല് തവണ ശ്രമം നടത്തിയെങ്കിലും അന്തിമ പട്ടികയിൽ ഇടം പിടിക്കാനായില്ലെന്നത് മറച്ചു വെച്ച രാജേഷ് താൻ ജയിച്ചെന്ന് ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ഏഴ് കൊല്ലത്തോളം തന്റെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഇദ്ദേഹം പൊലീസ് ​സ്റ്റേഷനിലും സർക്കാർ ഓഫീസുകളിലും സ്വാധീനം ചെലുത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

പരിശോധനയിൽ രാജേഷിന്റെ പക്കലിൽ നിന്നും തിരിച്ചറിയൽ കാർഡ്​, ലൈബ്രറി കാർഡ്, ചാണക്യ ഐ.എ.എസ് അക്കാദമിയിലെ തിരിച്ചറിയൽ കാർഡ്, നെയിം പ്ലേറ്റുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. രാജേഷിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ആൾമാറാട്ടം, വ്യാജ രേഖകളുടെ ഉപയോഗം, ​സർക്കാർ ഉ​ദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Man who posed as IAS officer for 7 years despite failing UPSC exams arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.