'പ്രേതബാധ' ആരോപിച്ച് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രാമധ്യേ ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി പരത്തി യുവാവ്

വാരണാസി: സ്വയം 'പ്രേതബാധ' ആരോപിച്ച് ആകാശമധ്യേ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് വാരാണസിയിലേക്ക് യാത്രതിരിച്ച 6E-185 ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ലാൻഡിങ്ങിന് തൊട്ടുമുമ്പായതിനാൽ പൈലറ്റ് വിമാനം ഇറക്കുന്നത് ഒഴിവാക്കി. തുടർന്ന് ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. ഉത്തർ പ്രദേശ് മൗ ജില്ലക്കാരനായ മുഹമ്മദ് അദ്‌നാൻ എന്ന യാത്രക്കാരനാണ് വിമാനത്തിൽ അതിക്രമം കാട്ടിയത്. വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇയാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

ബെംഗളൂരുവിൽനിന്ന് രാത്രി വിമാനം പുറപ്പെട്ട് 15 മിനിറ്റിനകംതന്നെ അദ്‌നാൻ വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ വിമാന ജീവനക്കാർ ഇടപെട്ട് ഇയാളെ ശാന്തനാക്കുകയായിരുന്നു. എന്നാൽ രാത്രി 10.20ഓടെ വിമാനം റൺവേയ്ക്ക് വെറും 500 അടി മാത്രം മുകളിൽ നിൽക്കെയാണ് അദ്‌നാൻ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചത്. ലാൻഡിങ്ങിന്റെ നിർണായക ഘട്ടത്തിലുണ്ടായ ഈ നീക്കം യാത്രക്കാരെ വല്ലാതെ ഭയപ്പെടുത്തി. അപകടസാധ്യത മുന്നിൽകണ്ട പൈലറ്റ് ഉടൻ തന്നെ ലാൻഡിങ്ങ് ഒഴിവാക്കി വിമാനം ഉയർത്തുകയായിരുന്നു. പിന്നീട് 10:35ഓടെയാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.

ചോദ്യം ചെയ്യലിൽ തനിക്ക് 'പ്രേതബാധ' ഉണ്ടായെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് അദ്‌നാൻ ആദ്യം പറഞ്ഞത്. പിന്നീട് ഗോവയിൽനിന്ന് മടങ്ങിവരുകയാണെന്നും എമർജൻസി ബട്ടൺ അമർത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇയാൾ മൊഴിമാറ്റി. ഇൻഡിഗോ സെക്യൂരിറ്റി മാനേജറുടെ പരാതിയിൽ ഫുൽപൂർ പൊലീസ് കേസെടുത്തു. സുരക്ഷ ഏജൻസികൾ ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Tags:    
News Summary - Man tries to open emergency exit on IndiGo flight, claims 'ghost'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.