ഗവർണർക്കായി റോഡ് തടഞ്ഞു; ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണി വഴിയിൽ കുടങ്ങി, നടുറോഡിൽ കുത്തിയിരുന്ന് യുവാവ്

ബെംഗളൂരു: ഗർഭിണിയായ ഭാര്യയുമായി അടിയന്തരമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവാവ് പൊലീസ് ഗതാഗതം നിയന്ത്രിച്ച് വഴിയിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബെംഗളൂരുവിലാണ് സംഭവം. ഗർഭിണിയുമായി പോയ കാർ ഗവർണറുടെ വാഹനവ്യൂഹത്തെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ കുടുങ്ങുകയായിരുന്നു.അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. നിലവിൽ ഈ റോഡിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പൊലീസ് ഏതാണ്ട് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വാഹനം തടഞ്ഞുവെച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, സഹികെട്ട യുവാവ് കാറിൽ നിന്നിറങ്ങി ഐ.എസ്.ആർ.ഒ ജങ്ക്ഷനിലെ സീബ്രാ ക്രോസിങ്ങിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്. റോഡിലിരുന്ന യുവാവിനെ മാറ്റാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ഭാര്യ ഗർഭിണിയാണെന്നും വി.ഐ.പികൾക്ക് നൽകുന്ന പ്രാധാന്യം എന്തുകൊണ്ട് സാധാരണക്കാരുടെ അടിയന്തിര ആവശ്യങ്ങൾക്ക് നൽകുന്നില്ലെന്നും അദ്ദേഹം പൊലീസുകാരോട് ചോദിച്ചു. സാധാരണക്കാരുടെ ജീവനും സൗകര്യങ്ങൾക്കും എപ്പോഴാണ് വിലയുണ്ടാവുക എന്ന് യുവാവ് ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് വീഡിയോയിൽ കാണാം.

തുടർന്ന് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ഹൊയ്‌സാല പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസുകാരുമായി ഏറെ നേരം തർക്കിച്ച ശേഷവും ബദൽ മാർഗങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സിലായതോടെ, ഒടുവിൽ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ വഴി നൽകിക്കൊണ്ട് യുവാവ് റോഡിൽ നിന്ന് എഴുന്നേറ്റു മാറി. ഭാര്യയെ പിന്നീട് ആശുപത്രിയിലെത്തിച്ചതായാണ് വിവരം.

 വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വി.ഐപി. സംസ്കാരത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. വിഐപികളുടെ സുരക്ഷയും സൗകര്യവും സാധാരണക്കാരുടെ, പ്രത്യേകിച്ച് രോഗികളുടെയും ഗർഭിണികളുടെയും ജീവനെ പണയപ്പെടുത്തിക്കൊണ്ടാകരുത് എന്നും പ്രമുഖർ അടക്കമുള്ളവർ അഭിപ്രായപ്പെട്ടു. വീഡിയോ വിവാദമായതോടെ ബെംഗളൂരു ട്രാഫിക് പൊലീസ് സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

Tags:    
News Summary - Man sits on road as pregnant wife 'trapped' in traffic jam after VIP convoy stops vehicles in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.