പി.പി ദിവ്യയുടെ സഹോദരനും ഡ്രൈവറുംകാർട്ടൺ ഇന്ത്യയിൽ നിന്ന് പണം കൈപ്പറ്റി; ശബ്ദസന്ദേശവും സ്ക്രീൻഷോട്ടുകളും പുറത്ത്

തിരുവനന്തപുരം: കാർട്ടൺ ഇന്ത്യ എം.ഡിയിൽ നിന്ന് പി.പി. ദിവ്യയുടെ സഹോദരനും ഡ്രൈവറും പണം കൈപ്പറ്റിയെന്ന് ആരോപണം. ഇത് സാധൂകരിക്കുന്ന ശബ്ദസന്ദേശവും സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം കൈമാറിയതായാണ് സ്ക്രീൻഷോട്ടിലുള്ളത്. എന്നാൽ, ഈ ആരോപണം ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും നിഷേധിച്ചു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും പണം നൽകിയതായുള്ള സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികൾ പണം കൈപ്പറ്റിയതായും ആസിഫിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവരാണ് ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്ന മറ്റ് പേരുകൾ. ഷാനവാസ് പാദൂർ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തിൽ കേൾക്കാം. എന്നാൽ ഇത് തന്റെ ശബ്ദമല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കാർട്ടൺ ഇന്ത്യ എം.ഡി. ആസിഫ് പറഞ്ഞു.

അതേസമയം, ടെൻഡറില്ലാതെയാണ് കമ്പനിക്ക് നിർമാണക്കരാറുകൾ ലഭിച്ചതെന്ന ആരോപണം കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് തള്ളി. നടപടികൾ പാലിച്ചാണ് കരാർ നേടിയതെന്നും മററിച്ച് തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്നും കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫ് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും കമ്പനിക്കുമെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മറ്റൊരാൾ വഴി പണം ആവശ്യപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചിരുന്നു.

ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന പരാതിയിലാണ് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും.

Tags:    
News Summary - Allegations that PP Divya's brother and driver received money from Carton India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.