ജെഎൻയുവിലെ 'ഫ്രീ ഉമർ ഖാലിദ്' ചുവരെഴുത്തുകൾക്കെതിരെ എബിവിപി

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു) ചുവരുകളിൽ 'ഫ്രീ ഉമർ ഖാലിദ്', 'ലോങ് ലിവ് നക്സൽബാരി' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ടെന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി). ജെ.എൻ.യുവിൽ വി.ഡി സവർക്കറുടെ ഛായാചിത്രത്തിൽ അപകീർത്തികരമായ ഉള്ളടക്കം എഴുതിയതായും എ.ബി.വി.പി ആരോപിച്ചു.

"ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടും പൊതുമുതലിനോടും വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ബഹുമാനത്തോടും കൂടിയായിരിക്കണം. സർവകലാശാലകൾ ക്രിയാത്മകമായ സംവാദങ്ങൾക്കുള്ള ഇടങ്ങളായിരിക്കണം, പ്രകോപനത്തിനും ഏറ്റുമുട്ടലിനുമുള്ളതല്ല. കാമ്പസിന്റെ അന്തസ്സും അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കുന്നതിനായി ഈ സംഭവങ്ങൾ ഗൗരവമായി കാണാനും ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനും ജെ.എൻ.യു സർവകലാശാലാ അധികാരികളോട് ആവശ്യപ്പെടുന്നു," എ.ബി.വി.പി ജെ.എൻ.യു ശനിയാഴ്ച എക്‌സിൽ കുറിച്ചു.

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ സമാനമായ മുദ്രാവാക്യങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് എ.ബി.വി.പിയും മുദ്രാവാക്യങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ 'ഫ്രീ കശ്മീർ', 'ഫ്രീ ഫലസ്തീൻ', 'ഫ്രീ ഷർജീൽ ഇമാം', 'ആർ.എസ്.എസ് ഗോ ബാക്ക്' ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുൻ ജെ.എൻ.യു ഗവേഷണ വിദ്യാർഥിയായ ഉമർ ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്. ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. യു.എ.പി.എ ചുമത്തിയാണ് ഉമർ ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.

മറ്റൊരു മുൻ ജെ.എൻ.യു വിദ്യാർഥിയായ ഷർജീൽ ഇമാമും വര്ഷങ്ങളായി ജയിലിൽ തുടരുകയാണ്. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്ലീം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

അതേസമയം, വിദ്യാർഥി യൂണിയൻ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജാമിയ മിലിയ ഇസ്‌ലാമിയയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുദ്രാവാക്യങ്ങളെ ചൊല്ലിയുള്ള വിവാദം ഉയരുന്നത്. വിദ്യാർഥി പ്രക്ഷോഭവും കാമ്പസിലെ വിവാദ പോസ്റ്ററുകളും സംഘർഷാവസ്ഥ സൃഷ്ടിച്ച പശ്ചാത്തലത്തിൽ, ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Amid Jamia row, ABVP seeks action against ‘Free Umar Khalid,’ slogans written on JNU walls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.