നേതാജിയെ സിനിമയുടെ പ്രമോഷനുവേണ്ടി ഉപയോഗിച്ചു; പ്രഭാസിന്റെ പുതിയ ചിത്രം 'ഫൗസി' ടീസറിനെതിരെ വിമർശനം

ന്യൂഡൽഹി: പ്രഭാസിന്റെ പുതിയ ചിത്രം ‘ഫൗസി’യുടെ ടീസറിൽ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ചിത്രീകരിച്ചത് വിവാദമാകുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ മഹത്വവത്കരിക്കാൻ ചരിത്രപുരുഷനായ നേതാജിയെ ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം.

ഒക്ടോബർ 23ന് പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ‘ഫൗസി’ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ, 2 മിനിറ്റും 31 സെക്കൻഡും ദൈർഘ്യമുള്ള ടീസറിലെ ചില രംഗങ്ങൾ കടുത്ത എതിർപ്പിന് ഇടയാക്കി. 1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചയെ ചിത്രീകരിക്കുന്ന ഗ്ലിംപ്സ് ടീസറിലുണ്ട്. ജർമൻ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുമായി സംസാരിക്കുന്നതിനിടയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഭാസിന്റെ കഥാപാത്രത്തെ പ്രകീർത്തിക്കുന്നതായും ഭഗവദ്ഗീത അടിസ്ഥാനമാക്കിയുള്ള കോഡുകൾ വെളിപ്പെടുത്തുന്നതായും ചിത്രീകരിച്ചിരിക്കുന്നു. ഇതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

സിനിമയുടെ പ്രമോഷനുവേണ്ടി ഇങ്ങനെ ഒരു ചിത്രീകരണം നടത്തിയതിന് പല ഭാഗത്തുനിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയിലെ നായകനെ പ്രശംസിക്കാൻ മാത്രം ദേശീയ നേതാവിനെ ഒരു ‘ചീയേഴ്‌സ് ലീഡറെ’ പോലെ ചിത്രീകരിച്ചത് മാപ്പർഹിക്കാത്ത തെറ്റാണെന്നാണ് നെറ്റിസൺസിന്റെ ആരോപണം. നേതാജിയുടെ പാരമ്പര്യത്തെ അവഹേളിച്ച അണിയറപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

"സിനിമയുടെ പ്രമോഷന് വേണ്ടി ദേശീയ നേതാവായ സുഭാഷ് ചന്ദ്രബോസിനെ ഹിറ്റ്‌ലറുമായി കൂടിക്കാഴ്ച നടത്തുന്നത് ചിത്രീകരിച്ച രീതി അപലപനീയമാണ്" എന്ന് ഒരു സാമൂഹികമാധ്യമ ഉപയോക്താവ് പ്രതികരിച്ചു. സംവിധായകൻ ഹനു രാഘവപുടിക്കെതിരെയും സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

അതേസമയം, ഇതൊരു ചരിത്രപ്രമാണവുമല്ലെന്നും യാഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപ്പിക സിനിമാസൃഷ്ടി മാത്രമാണെന്ന് വാദിച്ച് പ്രഭാസിന്റെ കടുത്ത ആരാധകർ ചിത്രത്തെ പിന്തുണച്ചും രംഗത്തെത്തി.

കൊൽക്കത്ത കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന ഒരു റിബൽ സൈനികന്റെ വേഷത്തിലാണ് പ്രഭാസ് ‘ഫൗസി’ ചിത്രത്തിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവരും ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഭൂഷൺ കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനു രാഘവപുടിയാണ്.

Tags:    
News Summary - Netaji's Usage in Movie Promotion Sparks Outrage: Criticism Against Prabhas' 'Fauzi' Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.