16 മാസത്തിനിടെ 36 വധശിക്ഷകൾ വിധിച്ച ജഡ്ജിയെ ഫാമിലി കോടതിയിലേക്ക് മാറ്റി

മുസഫർനഗർ: 16 മാസത്തിനിടെ മുസഫർനഗറിൽ 11 കേസുകളിലായി 23 വധശിക്ഷകളും, ബറേലിയിൽ 13 വധശിക്ഷകളും വിധിച്ച് ദേശീയതലത്തിൽ ശ്രദ്ധനേടിയ ജഡ്ജി രവി കുമാർ ദിവാകറിനെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് ഫാമിലി കോടതിയിലേക്ക് സ്ഥലം മാറ്റി. ജുഡീഷ്യൽ ട്രാൻസ്ഫർ ഉത്തരവ് പ്രകാരമാണ് നടപടി. മുസഫർനഗർ ഫാമിലി കോടതിയിലെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായി അദ്ദേഹം ചുമതലയേൽക്കും.

2025 നവംബർ 29നാണ് രവി കുമാറിനെ മുസഫർനഗറിലേക്ക് സ്ഥലം മാറ്റിയത്. ഫാസ്റ്റ് ട്രാക്ക് കോടതി3 ലെ പ്രിസൈഡിങ് ഓഫിസർ എന്ന നിലയിൽ മുസഫർനഗർ, ഷാംലി ജില്ലകളിലെ ക്രിമിനൽ കേസുകളാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. സെപ്റ്റംബർ 7ന്, ഭാര്യയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് മുസഫർനഗർ കോടതിയിൽ വെച്ച് അദ്ദേഹം തന്റെ 23ാമത്തെ വധശിക്ഷ പ്രഖ്യാപിച്ചു. അന്നത്തെ ജില്ലാ സെഷൻസ് ജഡ്ജ് ബിരേന്ദ്ര കുമാർ സിങ്ങിന്‍റെ ഉത്തരവുപ്രകാരം, കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രവി കുമാറിന്‍റെ കോടതിയിലുണ്ടായിരുന്ന 97 കേസ് ഫയലുകൾ ആഗസ്റ്റിൽ തിരിച്ച് വിളിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. സിങ് പിന്നീട് സർവിസിൽ നിന്ന് വിരമിച്ചു.

അടുത്ത കാലത്ത്, മുസഫർനഗറിലെ സേവനത്തിനിടെ തനിക്ക് നൽകിയ സുരക്ഷാ ക്രമീകരണങ്ങളിലെ മാറ്റങ്ങളെയും ജഡ്ജി ചോദ്യം ചെയ്തിരുന്നു. യു.പി ഡി.ജി.പിക്ക് അയച്ച കത്തിൽ, തനിക്ക് അനുവദിച്ച ഗൺമാനെ മാറ്റിയത് തന്റെ സുരക്ഷയെ ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ പകരം മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

46കാരനായ ദിവാകർ 2009ലാണ് മുൻസിഫ്/സിവിൽ ജഡ്ജ് ആയി ഉത്തർപ്രദേശ് ജുഡീഷ്യൽ സർവിസിൽ പ്രവേശിക്കുന്നത്. ബി.കോം, എൽ.എൽ.ബി, എൽ.എൽ.എം ബിരുദധാരിയാണ്. അസംഘഡ്, സുൽത്താൻപൂർ, ബദൗൺ, വാരാണസി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മുൻകാല സേവനങ്ങൾ. 

Tags:    
News Summary - Judge who handed down 36 death sentences in 16 months transferred to Family Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.