നാസിക്: കാമുകിയും ബന്ധുക്കളും ചേർന്ന് തീ കൊളുത്തിയ 27കാരൻ വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോരക് ബച്ചാവ് എന്ന യുവാവാണ് മരണപ്പെട്ടത്. സംഭവത്തിൽ കാമുകിയുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. ദേവ്ല താലൂക്കിലെ ലോഹോനർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് യുവാവ് ആക്രമിക്കപ്പെട്ടത്.
23കാരിയായ യുവതിയുമായി യുവാവ് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് പെൺകുട്ടിയുടെ ബന്ധുക്കൾ വിസമ്മതിച്ചു. തുടർന്ന് പെൺകുട്ടിക്ക് വേറെ വിവാഹം നടത്താൻ ബന്ധുക്കൾ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹമൊന്നും നടക്കാതായതോടെ വിവാഹം മുടക്കാൻ ഗോരക് ശ്രമിക്കുന്നുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ സംശയിച്ചു.
തുടർന്ന്, യുവതിയും ബന്ധുക്കളും ഗോരകിനെ ലോഹോനർ ഗ്രാമത്തിലേക്ക് ചർച്ചക്കായി ക്ഷണിക്കുകയായിരുന്നു. സംസാരം വാക്കുതർക്കത്തിലെത്തുകയും ഗോരകിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സ്വയരക്ഷക്കായി സമീപത്തെ മൊബൈൽ കടയിലേക്ക് ഓടിക്കയറിയ യുവാവിനെ സംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു. അബോധാവസ്ഥയിലായ യുവാവിനെ യുവതിയും കുടുംബാംഗങ്ങളും ചേർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ഗോരകിനെ ദേവ്ല റൂറൽ ആശുപത്രിയിലേക്കും പിന്നീട് നാസിക്ക് ജില്ല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.