അയോധ്യ രാമക്ഷേത്രം കാമറയിൽ പകർത്തുന്നതിനിടെ യുവാവ് പിടിയിൽ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവും പരിസരവും കാമറയിൽ പകർത്തുന്നതിനിടെ ഛത്തീസ്​ഗഢ് സ്വദേശിയെ പൊലീസ് പിടികൂടി. ബൈക്കിലെത്തിയ യുവാവ് ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് പിടിയിലായത്. ഛത്തീസ്ഗഡിലെ സാരംഗഡ് ജില്ലക്കാരനായ ഭാനു പട്ടേൽ (25) ആണ് പിടിയിലായത്.

രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപം കാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ച് യുവാവിനെ കണ്ട നാട്ടുകാർ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. രാമക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോയെടുക്കുന്നതിനും വിഡിയോ പകർത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഡിജിറ്റൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ‘മാപ് മൈ ഇന്ത്യ’ എന്ന സ്വകാര്യ കമ്പനിയിലാണ് ഭാനു ജോലി ചെയ്യുന്നതെന്ന് അയോധ്യ സർക്കിൾ ഓഫിസർ എസ്.പി. ഗൗതം പറഞ്ഞു. ക്ഷേത്ര പരിസരത്ത് സമീപം സർവേ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാനു ഡിസംബർ 15ന് ഡിവിഷണൽ കമ്മീഷണറുടെ ഓഫിസിൽ അപേക്ഷ നൽകിയിരുന്നത്രെ. അപേക്ഷയിൽ തീർപ്പായിരുന്നില്ലെന്നും ഭാനുവിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

പിടിയിലായയാൾ ഔദ്യോഗിക ജോലികൾക്കായി അയോധ്യയിൽ പോയതായി മാപ് മൈ ഇന്ത്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - man detained for recording video near ayodhya ram mandir temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.