മുംബൈ: ഏറെ വിമർശനങ്ങൾക്കൊടുവിൽ കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവി ഔദ്യോഗികമായി ഒഴിഞ്ഞ് സന്യാസം സ്വീകരിച്ച ബോളിവുഡ് നടി മമ്ത കുൽക്കർണി. ഇൻസ്റ്റഗ്രാമിൽ വിഡിയോയിലൂടെയാണ് മമ്ത ഇക്കാര്യം അറിയിച്ചത്.
ഞാൻ, മഹാമണ്ഡലേശ്വർ മമ്ത നന്ദഗിരി ഈ സ്ഥാനം രാജിവെക്കുന്നു. ചേരിതിരിഞ്ഞുള്ള ഈ തർക്കം ശരിയല്ല. 25 വർഷമായി ഞാൻ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും... -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നുമടക്കം വിമർശനമുയർന്നിരുന്നു. ഇതോടെ മമ്തയെയും താരത്തെ അഖാഡയിൽ ചേർത്ത ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠിയേയും മഹാമണ്ഡലേശ്വർ സ്ഥാനത്തുനിന്ന് നീക്കിയതായി കിന്നർ അഖാഡ സ്ഥാപകൻ അറിയിച്ചിരുന്നു.
90കളിൽ ബോളിവുഡിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുൽക്കർണി. ജനുവരി അവസാന വാരം, കാഷായ വേഷവും രുദ്രാക്ഷ മാലയുമണിഞ്ഞ് കിന്നർ അഖാഡയിലെത്തിയ മമ്ത, ഇനി ശ്രീ യമായ് മമ്ത നന്ദഗിരി എന്ന പേരിലായിരിക്കും താൻ അറിയപ്പെടുകയെന്ന് പ്രഖ്യാപിച്ചിക്കുകയായിരുന്നു.
ഇതോടെ, താരത്തിന്റെ സിനിമാ പശ്ചാത്തലവും മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളും വിവാദങ്ങളും ചൂണ്ടിക്കാട്ടി അഖാഡയ്ക്കുള്ളിൽ നിന്നുതന്നെ വിമർശനമുയർന്നു. യഥാർത്ഥ സന്യാസി ചൈതന്യമുള്ളവർക്ക് മാത്രമേ മഹാമണ്ഡലേശ്വർ പദവി നൽകാവൂവെന്ന് അഭിപ്രായമുയർന്നു. യോഗ പരിശീലകനും പതഞ്ജലി സഹസ്ഥാപകനുമായ ബാബാ രാംദേവടക്കം വിമർശനമുന്നയിച്ചിരുന്നു.
1992ൽ ‘തിരംഗ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ നായികയായിരുന്നു. 2002ൽ പുറത്തിറങ്ങിയ കഭീ തും കഭീ ഹം എന്ന ചിത്രത്തോടെ മമ്ത സിനിമാ ലോകത്തുനിന്ന് അപ്രത്യക്ഷയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.