മെഗാ റാലിയുമായി മമത ഇന്ന് തെരുവിലേക്ക്; ഭരണഘടനാവിരുദ്ധമെന്ന് ഗവർണർ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ മെഗാ റാലിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരുവിലേക്ക്. തിങ്കളാഴ്ച റാലിക്ക് തുടക്കമാകും. അതേസമയം, മമത ബാനർജിയെ വിമർശിച്ച് ബംഗാൾ​ ഗവർണർ ജഗ്​ദീപ്​ ധൻകർ രംഗത്തെത്തി. റാലി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതൽ ശക്തമായി മമത രംഗത്തെത്തിയിരുന്നു. ബംഗാളിൽ നിയമം നടപ്പാക്കില്ലെന്നും മമത പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ അതിരൂക്ഷമായ പ്രക്ഷോഭമാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധം അക്രമത്തിൽ കലാശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് ഉൾപ്പടെ തീയിട്ട സംഭവമുണ്ടായി.

മമതയുടെ റാലി ഭരണഘടനാവിരുദ്ധമാണെന്ന്​ ഗവർണർ ജഗ്​ദീപ്​ ധൻകർ ട്വിറ്ററിൽ കുറിച്ചു. ‘മുഖ്യമന്ത്രിയും മന്ത്രിമാരും സി.എ.എക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത്​ വേദനാജനകമാണ്​. സി.എ.എ രാജ്യത്തിൻെറ നിയമമാണ്​. അതിനെതിരായ പ്രവർത്തനങ്ങൾ ഭരണഘടനാവിരുദ്ധമാണ്​. തീവ്രവികാരമുണർത്തുന്നതും ഭരണഘടനാവിരുദ്ധവുമായ ഇത്തരം നടപടികളിൽ നിന്ന്​ പിൻമാറി സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രി തയാറാകണം’- അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രക്ഷോഭം നടത്തുന്നവരോട്​ കലാപം ഉണ്ടാകുന്നതിൽ നിന്നൊഴിവാകണമെന്ന്​ അഭ്യർഥിച്ച ബുദ്ധിജീവികളോടും ചലച്ചിത്ര-നാടക പ്രവർത്തകരോടും നന്ദിയുണ്ട്​. ഇതേ നിലപാടുമായി കൂടുതൽ ആളുകൾ രംഗത്തെത്തുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തിൻെറ നിയമം പാലിക്കാൻ ഭരണഘടനാപരമായി നമ്മൾ ബാധ്യസ്​ഥരാണ്​. ഗവർണർ എന്ന നിലയിൽ അത്​ ഉറപ്പാക്കേണ്ടത്​ എൻെറ ഉത്തരവാദിത്തമാണ്​. അത്​ ഞാൻ ചെയ്യും’- മറ്റൊരു ട്വീറ്റിൽ ഗവർണർ വ്യക്​തമാക്കി. സി.എ.എയും എൻ.ആർ.സിയും പശ്​ചിമ ബംഗാളിൽ നടപ്പാക്കി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി മമത ബാനർജി പ്രസിദ്ധീകരിച്ച പരസ്യം പിൻവലിക്കണമെന്ന്​ ഞായറാഴ്​ച ജഗ്​ദീപ്​ ധൻകർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Mamata's rally against CAA is unconstitutional: WB Governor -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.