മമത ബാനർജി

‘ഞാൻ ഇനി ഫ്രീ ബേർഡ്, പദവികളില്ലാത്ത സാധാരണക്കാരി’; ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താൻ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ (TMC) തകർത്തെറിഞ്ഞ് ബി.ജെ.പിക്ക് ഉജ്ജ്വല വിജയം. 294 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടിയാണ് ബി.ജെ.പി ബംഗാളിൽ ചരിത്ര വിജയം കുറിച്ചത്. ഇതോടെ 15 വർഷം നീണ്ടുനിന്ന മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമായി. മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് പരാജയപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് മമത ബാനർജി പ്രതികരിച്ചത്. തോൽവി സമ്മതിക്കാൻ വിസമ്മതിച്ച മമത, താൻ ധാർമ്മികമായി ജയിച്ചുവെന്നാണ് പറഞ്ഞത്. ‘എനിക്ക് ഇപ്പോൾ ഔദ്യോഗിക പദവികളൊന്നുമില്ല, ഞാൻ ഒരു സാധാരണക്കാരിയാണ്. ഇപ്പോൾ ഞാൻ ഫ്രീ ബേർഡാണ്. എന്റെ ലക്ഷ്യം വ്യക്തമാണ്, പ്രതിപക്ഷത്തിന്റെ ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ഞാൻ ഇനി മുഴുവൻ സമയവും പ്രവർത്തിക്കും’ -മമത പറഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ശമ്പളമോ പെൻഷനോ കൈപ്പറ്റിയിട്ടില്ലെന്നും പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന് മമത ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നതായും വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും അവർ ആരോപിച്ചു. തൃണമൂൽ പ്രവർത്തകരെയും കൗണ്ടിങ് ഏജന്റുമാരെയും ബി.ജെ.പി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വം ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും മമത കുറ്റപ്പെടുത്തി.

148 സീറ്റുകൾ ഭൂരിപക്ഷത്തിന് വേണ്ട ബംഗാളിൽ 206 സീറ്റുകൾ നേടിയാണ് ബി.ജെ.പി കരുത്തുകാട്ടിയത്. തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബംഗാളിലും കേന്ദ്രത്തിലും ഒരേ പാർട്ടി അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ ദിശയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. പരാജയം നേരിട്ടെങ്കിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Mamata Banerjee's Emotional Address After Bengal Poll Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.