പ്രതീകാത്മക ചിത്രം
റായ്പൂർ: ഛത്തീസ്ഗഡ് പൊലീസ് സേനയിൽ കഴിഞ്ഞ മൂന്ന് വർഷമായി നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് പുറത്ത്. മൂന്ന് കോൺസ്റ്റബിൾ ഉദ്യോഗസ്ഥർ തങ്ങളുടെ ശമ്പള വിവരങ്ങളിൽ കൃത്രിമം കാണിച്ച് അധിക തുക കൈപ്പറ്റുകയായിരുന്നു. എന്നാൽ, 2023 ഒക്ടോബർ മുതൽ 2026 മെയ് വരെ നീണ്ടുനിന്ന സാമ്പത്തിക തട്ടിപ്പ് ആധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
ജഗ്ദൽപൂരിലെ പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിലെ സാലറി സെക്ഷൻ അസിസ്റ്റന്റായിരുന്ന ഗിരീഷ് റായിയാണ് തട്ടിപ്പിന്റെ സൂത്രധാരൻ. ഇദ്ദേഹം കോൺസ്റ്റബിൾമാരായ രാജ്കുമാർ കട്‌ലാം, ഹേമന്ത് മാത്യു എന്നിവരുമായി ചേർന്ന് സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം 1.5 കോടി മുതൽ രണ്ട് കോടി രൂപ വരെ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ശമ്പള ബില്ലുകൾ കൈകാര്യം ചെയ്തിരുന്ന റായി, സോഫ്റ്റ് കോപ്പികളിൽ കൃത്രിമം കാണിച്ച് തങ്ങളുടെ ശമ്പളത്തിൽ മാസാവസാനം ചെറിയ തുകകൾ വീതം അധികമായി ചേർക്കുകയായിരുന്നു.
പൊലീസ് സേനയിലെ നിരന്തരമായ സ്ഥലംമാറ്റങ്ങൾ, നിയമനങ്ങൾ എന്നിവ കാരണം ശമ്പള വിതരണത്തിൽ പതിവായി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് മുതലെടുത്ത് വളരെ ചെറിയ തുകകൾ ഓരോ മാസവും വർധിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് വർഷങ്ങളോളം ഈ ക്രമക്കേട് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളപ്പട്ടികയും മറ്റ് സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കാൻ സർക്കാർ പുതുതായി ഏർപ്പെടുത്തിയ എ.ഐ സംവിധാനമാണ് തട്ടിപ്പ് കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ശമ്പളം യഥാർത്ഥത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതലായി 'പെരുപ്പിച്ചു' കാട്ടുകയായിരുന്നു.
സാധാരണ ഓഡിറ്റിങ്ങിലൂടെ കണ്ടെത്താൻ കഴിയാത്ത അത്രയും സങ്കീർണ്ണമായ ഡാറ്റാ ക്രമക്കേടുകളാണ് എ.ഐ സംവിധാനം നിമിഷനേരം കൊണ്ട് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ശമ്പള അലവൻസുകൾ, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലെ അസ്വാഭാവികമായ വർധനവ് സിസ്റ്റം കൃത്യമായി ചൂണ്ടിക്കാട്ടി. ശമ്പള ക്രമത്തിൽ വന്ന പൊരുത്തക്കേടുകൾ വിശകലനം ചെയ്തപ്പോൾ, വർഷങ്ങളായി ചില പ്രത്യേക വിഭാഗം ഉദ്യോഗസ്ഥർ തുടർച്ചയായി അധിക തുക കൈപ്പറ്റുന്നുണ്ടെന്ന് വ്യക്തമായി.
സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവർ കൈക്കലാക്കിയ തുക തിരിച്ചുപിടിക്കാനും പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.