ഹൈദരാബാദ് വിമാനത്താവളത്തിൽ വ്യാജ വിസയുമായി 20 സ്ത്രീകൾ പിടിയിൽ; അന്വേഷണം

ഹൈദരാബാദ്: വിദേശത്തേക്ക് പോകാനെത്തിയ 20 സ്ത്രീകളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു. യാത്രാരേഖകൾ പരിശോധിക്കുന്നതിനിടെ ഇവർ കൈവശം വച്ചിരുന്ന എല്ലാ വിസകളും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒമാൻ എയർ വിമാനത്തിൽ മസ്‌കറ്റിലേക്ക് യാത്രതിരിക്കാനെത്തിയ സ്ത്രീകളുടെ രേഖകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിസകളിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അവ വ്യാജ വിസകളാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് എല്ലാ യാത്രക്കാരെയും ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് എയർപോർട്ട് ഔട്ട്‌പോസ്റ്റ് പൊലീസിന് കൈമാറി. സ്ത്രീകളെ ചോദ്യം ചെയ്ത് വ്യാജ വിസകൾ ആരാണ് സംഘടിപ്പിച്ചത്, ഇതിന് പിന്നിൽ ട്രാവൽ ഏജന്റുമാരോ വിസ തട്ടിപ്പ് ശൃംഖലയോ പ്രവർത്തിച്ചിട്ടുണ്ടോ, മനുഷ്യക്കടത്ത് സംഘങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വിസകൾ തയ്യാറാക്കിയവരെയും യാത്ര ക്രമീകരിച്ച ഇടനിലക്കാരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖകൾ ഉപയോഗിച്ച് ആളുകളെ അയക്കുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണം കേന്ദ്രീകരിക്കും.

സമീപ മാസങ്ങളിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വ്യാജ രേഖകളുമായി യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചതായി അധികൃതർ പറഞ്ഞു. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വ്യാജ സീഫെയറർ രേഖകൾ, വ്യാജ വിസകൾ എന്നിവ ഉപയോഗിച്ചുള്ള യാത്രാ ശ്രമങ്ങൾ വർധിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗം പരിശോധനകൾ കൂടുതൽ കർശനമാക്കിയതായും അറിയിച്ചു. 

Tags:    
News Summary - Passengers detained at Hyderabad airport for carrying fake visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.