ജനാധിപത്യവും മതേതരത്വവും സിലബസിൽ നിന്ന് ഒഴിവാക്കിയ നടപടി ഞെട്ടിക്കുന്നത് -മമത

കൊൽക്കത്ത: ജനാധിപത്യം, ഫെഡറലിസം, മതേതരത്വം തുടങ്ങിയ വിഷയങ്ങൾ സി.ബി.എസ്.ഇ സിലബസിൽനിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി തന്നെ ഞെട്ടിച്ചുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ നീക്കത്തെ താൻ ശക്തമായി എതിർക്കുന്നതായും മമത പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പഠനഭാരം കുറക്കാനെന്ന പേരിൽ പൗരത്വം, ഫെഡറലിസം, മതേതരത്വം, വിഭജനം തുടങ്ങിയ വിഷയങ്ങൾ ഒഴിവാക്കിയത് ഞെട്ടിക്കുന്നതാണ്. ശക്തമായ എതിർപ്പ് അറിയിക്കുന്നതോടൊപ്പം എന്തുവില കൊടുത്തും ഈ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിലനിർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുക‍യും ചെയ്യുന്നു -മമത ട്വീറ്റ് ചെയ്തു. 

ചൊവ്വാഴ്ചയാണ് സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചതായി പ്രഖ്യാപനം വന്നത്. ഇതിന്‍റെ ഭാഗമായാണ് ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് ജനാധിപത്യ അവകാശങ്ങൾ, മതേതരത്വം, ഫെഡറലിസം, ജനകീയ പ്രസ്ഥാനങ്ങൾ, ഭക്ഷ്യസുരക്ഷ, ജാതി-മതം-ലിംഗം, ജനാധിപത്യവും വൈവിധ്യവും തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയത്. നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു.

പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. പതിനൊന്നാം ക്ലാസിൽ നിന്ന് ഒഴിവാക്കിയത് പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത എന്നീ പാഠഭാഗങ്ങളാണ്. ഇതിന് പുറമെ തദ്ദേശ സ്വയംഭരണം സംബന്ധിച്ച അധ്യായത്തിലെ ഉപതലക്കെട്ടുകളായ തദ്ദേശ സ്വയംഭരണത്തിന്‍റെ ആവശ്യകത, ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ചരിത്രം എന്നീ ഭാഗങ്ങളും ഒഴിവാക്കിയവയിൽപെടുന്നു. ആഭ്യന്തര മൂല്യ നിര്‍ണയത്തിനായും വാര്‍ഷിക പരീക്ഷയുടെ ഭാഗമായും ഈ പാഠഭാഗങ്ങൾ വിദ്യാര്‍ഥികൾ പഠിക്കേണ്ടതില്ല.

Tags:    
News Summary - Mamata Banerjee Shocked As CBSE Drops Chapters On Secularism, Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.