അഗ്നി മിത്ര പോൾ

മമത ബാനർജി ദൈവമല്ല, ബംഗാളിലെ ജനവിധി അത് തെളിയിച്ചിരിക്കുന്നു: ടി.എം.സിക്കും മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി അഗ്നിമിത്ര പോൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും മന്ത്രിയുമായ അഗ്നിമിത്ര പോൾ. ശനിയാഴ്ച മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ‍്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ മമതയെ ദൈവമായിട്ടാണ് കണ്ടിരുന്നതെന്നും എന്നാൽ അടുത്തിടെയുണ്ടായ തെരെഞ്ഞെടുപ്പ് പരാജയം മമത ദൈവമല്ലെന്നും നിയമത്തിന് മുകളിലല്ലെന്നും തെളിയിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.

"മമത ബാനർജിക്ക് ഇതിനകം തന്നെ ഉത്തരം ലഭിച്ചുകഴിഞ്ഞു. മമതയും അഭിഷേക് ബാനർജിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ബംഗാളിലെ ജനങ്ങൾ അവരുടെ വിധി തീരുമാനിച്ചു. താൻ നിയമത്തിന് മുകളിലല്ലെന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും മമത മനസ്സിലാക്കണം. അവർ ദൈവവുമല്ല. മമതയെ സന്തോഷിപ്പിക്കാൻ വേണ്ടി അവരുടെ എം.എൽ.എമാരും എം.പിമാരും 'ശാരദാ ദേവി' എന്ന് വിളിച്ചിരിക്കാം. ശാരദാ ദേവി ഞങ്ങളുടെ ദൈവമാണ്. ആ വിളിയിൽ മമത സന്തോഷിച്ചിട്ടുണ്ടാകാം അവരെ തടയാൻ മമത ശ്രമിച്ചതുമില്ല. മമതയോട് എനിക്ക് ഒന്നും പറയാനില്ല, ബംഗാളിലെ ജനങ്ങൾ എല്ലാം പറഞ്ഞുകഴിഞ്ഞു," അഗ്നിമിത്ര പോൾ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ ശനിയാഴ്ചയാണ് സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അഗ്നിമിത്ര പോളിനൊപ്പം ദിലീപ് ഘോഷ്, നിസിത് പ്രമാണിക്, ക്ഷുദിറാം ടുഡു, അശോക് കീർത്തനിയ തുടങ്ങിയവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതേ സമയം ഒരു വനിതാ മുഖ്യമന്ത്രിയെ ബി.ജെ.പി തിരഞ്ഞെടുക്കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന്, സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പരിചയമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിച്ചതെന്ന് അഗ്നിമിത്ര മറുപടി നൽകി. "മുതിർന്ന നേതാക്കളുടെ തീരുമാനമാണിത്. കഴിഞ്ഞ 30 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, നിയമസഭയ്ക്കകത്തും പുറത്തും പാർട്ടിയെ നയിച്ച സുവേന്ദു അധികാരിയെക്കാൾ മികച്ച മറ്റൊരാൾ ഈ സ്ഥാനത്തേക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല," അവർ പറഞ്ഞു.

മുൻ സർക്കാർ രാഷ്ട്രീയവൽക്കരിച്ച പൊലീസ് സംവിധാനത്തെ സ്വതന്ത്രമാക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക, കുടിവെള്ളം, പാർപ്പിടം, റോഡുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവ മെച്ചപ്പെടുത്തുക, ജോലിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ ബംഗാളിലെ യുവാക്കളെ തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പുതിയ സർക്കാറിന്‍റെ മുന്‍ഗണനയും പ്രധാനലക്ഷ‍്യമെന്ന് അഗ്നിമിത്ര പോൾ അറിയിച്ചു. 294 സീറ്റുകളിൽ 207 സീറ്റുകൾ നേടിയാണ് പശ്ചിമബംഗാളിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. നാലാം തവണയും തുടർഭരണം പ്രതീക്ഷിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Tags:    
News Summary - Mamata Banerjee is not God; the people's mandate in Bengal has proven it": Minister Agnimitra Paul lashes out at TMC and Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.