മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കിയ ദുർഗാപൂർ ബലാത്സംഗ കേസിൽ അതിജീവിതയെ അപമാനിക്കും വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനം കടുക്കുന്നു. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങുന്നത് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയ മുഖ്യമന്ത്രിയുടേത് താലിബാൻ മനസ്സെന്നും, പശ്ചിമ ബംഗാളിനെ ബലാത്സംഗ വീരന്മാരുടെ നാടാക്കി മാറ്റുകയാണെന്നും ബി.ജെ.പി തുറന്നടിച്ചു.
ഞായറാഴ്ച മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി അതിജീവിതയെ അപമാനിക്കും വിധം വിവാദ പരാമർശം നടത്തിയത്. ‘അവൾ (അതിജീവിത) സ്വകാര്യമെഡിക്കൽ കോളജിലാണ് പഠിക്കുന്നത്. എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകൾക്കും അവരുടെ ഉത്തരവാദിത്തമില്ലേ. എങ്ങനെയാണ് രാത്രി 12.30ന് അവർ പുറത്തുപോവുക’ -മമത ബാനർജി പറഞ്ഞു.
വനമേഖലയോട് ചേർന്നുള്ള പ്രദേശമായ ദുർഗാപൂരിലെ മെഡിക്കൽകോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ഒഡിഷ സ്വദേശിയാണ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാത്രിയിൽ പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുതെന്നും സ്വകാര്യ മെഡിക്കൽകോളജുകൾ കുട്ടികളുടെ കാര്യത്തിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ കൂടുതൽ ശ്രദ്ധയും സുരക്ഷയും ഒരുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി സർക്കാറിനെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. ഓരോരുത്തരും സ്വയം സുരക്ഷയൊരുക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
സംഭവം ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമാക്കിയ മമത ബാനർജി കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. അതിജീവിതയെ കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണ് പ്രസ്താവനയെന്ന് ബി.ജെ.പി ആക്ഷേപിച്ചു. സ്ത്രീത്വത്തിന് കളങ്കമായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്യ ‘എക്സ്’ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനിക്കുന്നതാണെന്നും, ക്രൂരമായി പീഢിപ്പിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം ഏറ്റവും ദുർഘടമായ സമയത്ത്പോലും നിലകൊള്ളാൻ മനസ്സില്ലാത്ത മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കാൻ യോഗ്യയല്ലെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ താലബാൻ മനസ്സാണെന്നായിരുന്നു ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോളിന്റെ പ്രതികരണം. ‘അഫ്ഗാനിലെ താലിബാൻ സർക്കാറിനൊപ്പം, ഇപ്പോൾ മമത ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിലും താലിബാൻ സർക്കാറുണ്ട്’ -അവർ പറഞ്ഞു.
‘12 മണിക്ക് പുറത്ത് പോകരുതെന്ന് പറയുന്ന മുഖ്യമന്ത്രി കളവ് പ്രചരിപ്പിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം പെൺകുട്ടി 7.58നും എട്ടിനുമിടയിലാണ് കോളജ് കാമ്പസിൽ നിന്നും പുറത്തുപോയത്. മുഖ്യമന്ത്രി കളവാണ് പറയുന്നത്’ -അഗ്നിമിത്ര കുറ്റപ്പെടുത്തി.
രാത്രി 12ന് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്നതിലൂടെ മുഖ്യമന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു. ഡോക്ടർമാരും നഴ്സുമാരും ഐ.ടി പ്രഫഷണലുകളും രാത്രിയിൽ ജോലിക്കിറങ്ങണ്ടേ...അവരൊക്കെ എങ്ങനെ ജോലിക്ക് പോകും. ഈ താലിബാൻ മനസ്സ് ലജ്ജാകരമാണ്’ -അഗ്നിമിത്ര പോൾ പറഞ്ഞു.
അതേമസയം, പെൺകുട്ടി രാത്രി 10 മണിക്ക് മുമ്പാണ് ആക്രമിക്കപ്പെട്ടതെന്നാണ് മാതാപിതാക്കളുടെ മൊഴി. രാത്രി 9.30നാണ് പെൺകുട്ടികയുടെ സഹപാഠികൾ സംഭവം അറിയിച്ചുകൊണ്ട് വിളിച്ചതെന്നും, അറിഞ്ഞ ഉടൻ ദുർഗാപൂരിലേക്ക് തിരിച്ചതായും മതാപിതാക്കൾ വിശദീകരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ ഭക്ഷണം കഴിക്കാനായി ക്യാമ്പസിന് പുറത്തിറങ്ങിയപ്പോൾ, മൂന്നു പേർ ഇവരെ പിന്തുടർന്നതായും, പിന്നാലെ സുഹൃത്ത് പെൺകുട്ടിയെ തനിച്ചാക്കി രക്ഷപ്പെടുകയുമായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കൂട്ടബലാത്സഗം നടന്നതെന്നാണ് റിപ്പോർട്ട്. അപകടം മനസ്സിലാക്കി യ പെൺകുട്ടി സുഹൃത്തിനായി തെരഞ്ഞെങ്കിലും ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ജീവനക്കാർ, സഹപാഠികൾ,എന്നിവരുൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.