"നമ്മൾ ഈ യുദ്ധത്തിൽ ഒരുമിച്ച് പോരാടും"; ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത ബാനർജി

കൊൽക്കത്ത: ഭാരതീയ ജനതാ പാർട്ടിക്കെതിരെ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ എല്ലാ പ്രതിപക്ഷ ശക്തികളും ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ശനിയാഴ്ച ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തന്റെ പാർട്ടി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു.

"ബംഗാളിൽ ഒരു ഭീകരവാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളോടും വിദ്യാർഥി സംഘടനകളോടും എൻ‌.ജി‌.ഒകളോടും ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ ഒരു സംയുക്ത വേദി രൂപീകരിക്കണം. ഡൽഹിയിലും ബംഗാളിലും ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഞങ്ങളോടൊപ്പം ചേരണം. നമ്മുടെ ഒന്നാമത്തെ ശത്രു ബി.ജെ.പിയാണെന്ന് ഓർക്കണം," മമത പറഞ്ഞു.

"ആരും ആശങ്കപ്പെടേണ്ടതില്ല, നമ്മൾ ഈ പോരാട്ടം നയിക്കും. കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി എന്നിവർ എന്നെ വിളിച്ചിരുന്നു. പ്രശാന്ത് ഭൂഷൺ, മേനക ഗുരുസ്വാമി എന്നിവരും ഈ പോരാട്ടത്തിൽ നമുക്കൊപ്പമുണ്ട്. ഞാനും ഒരു അഭിഭാഷകയാണ്. കല്യാൺ ബാനർജിയെപ്പോലുള്ള നേതാക്കൾ നമുക്കുണ്ട്. എങ്ങനെ പോരാടണമെന്ന് ഞങ്ങൾക്ക് അറിയാം," അവർ കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി സംസാരിച്ചതായും അഖിലേഷ് യാദവ് നേരിട്ടെത്തിയതായും മമത അറിയിച്ചു.

294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബി.ജെ.പി വൻ വിജയം കൈവരിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത തയ്യാറായിരുന്നില്ല. 80 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സേനയും ചേർന്ന് വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നാണ് മമതയുടെ ആരോപണം. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ ബയോ "പതിനഞ്ചും പതിനാറും പതിനേഴും നിയമസഭകളിലെ മുഖ്യമന്ത്രി" എന്ന് അവർ മാറ്റിയിട്ടുണ്ട്.

ബംഗാൾ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടവരെക്കുറിച്ച് പ്രതികരിച്ച് സമയം കളയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബംഗാളിന്റെ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം, ഞങ്ങൾ നിർമ്മാണാത്മകമായ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ബി.ജെ.പി വക്താവ് ദേബ്ജിത് സർക്കാർ വിവാദങ്ങളിൽ പ്രതികരിച്ചത്.

Tags:    
News Summary - Mamata Banerjee calls for opposition unity against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.