ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിൽ കുറ്റാരോപിതൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഫാസിൽക ജില്ലയിൽവെച്ചാണ് കേസിലെ പ്രതി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നവംബർ 15നാണ് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.
പ്രതി കൊല്ലപ്പെട്ട വിവരം ഫിറോസ്പുർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ഹർമാൻബിർ സിങ് ഗിൽ സ്ഥിരീകരിച്ചു. കേസിലെ പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഇയാളെ ഒരു ശമ്ശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികൾ വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഹർമാൻബിർ സിങ് പറഞ്ഞു. ഒരു പൊലീസ് കോൺസ്റ്റബിളിന് വെടിവെപ്പിൽ പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ അറോറയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ ഉണ്ട്. ദേശവിരുദ്ധരുടെ പങ്കാളിത്തം കൊലപാതകത്തിൽ തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ, ഈ ഘട്ടത്തിൽ ഞങ്ങൾ ആ ഉദ്ദേശ്യം വെളിപ്പെടുത്തുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ആർഎസ്‌എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം 7 മണിയോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.