ന്യൂഡൽഹി: ലോക്സഭയിൽ ചോദ്യമുന്നയിക്കാൻ വൻകിട ബിസിനസുകാരിൽനിന്ന് കോഴയും സമ്മാനവും സ്വീകരിച്ചുവെന്ന ആരോപണം തനിക്കെതിരെ ഉന്നയിച്ച് സ്പീക്കർക്ക് കത്തെഴുതിയ ബി.ജെ.പി നേതാവും എം.പിയുമായ നിഷികാന്ത് ദുബെക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര വക്കീൽ നോട്ടീസ് അയച്ചു.
മൊയ്ത്ര ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് ദുബെ ആരോപിച്ചത്. മൊയ്ത്രയുടെ സുഹൃത്തു കൂടിയായിരുന്ന അഡ്വ. ജയ് ആനന്ദ് ഇതിന് ആധാരമായ തെളിവുകൾ നൽകിയെന്നും പരാതിയിൽ പറഞ്ഞു.
ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർക്കും ദുബെ ചൊവ്വാഴ്ച കത്തെഴുതിയിട്ടുണ്ട്. മൊയ്ത്രക്കെതിരെ അന്വേഷണ സമിതി രൂപവത്കരിക്കണമെന്നാണ് ആവശ്യം.
ലോക്സഭ വെബ്സൈറ്റിലേക്ക് എം.പിയുടെ ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കടക്കാൻ വ്യവസായ സ്ഥാപനത്തിന് സൗകര്യംചെയ്തുകൊടുത്തുവെന്നും ദുബെ ആരോപിച്ചു.
എന്നാൽ, ആരോപണങ്ങൾ തന്നെ താറടിക്കാനുള്ള ശ്രമവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കാട്ടിയാണ് മഹുവ മെയ്ത്ര ദുബെക്ക് വക്കീൽ നോട്ടീസ് അയച്ചത്. ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്നെ് കത്തിൽ മുന്നറിയിപ്പു നൽകി. അഡ്വ. ജയ് ആനന്ദിനും നോട്ടീസ് അയച്ചു. ദുബെയുടെ ആരോപണങ്ങൾ മുൻനിർത്തി വാർത്ത നൽകിയ 18 മാധ്യമ, സമൂഹ മാധ്യമ സ്ഥാപനങ്ങൾക്കും മഹുവ മൊയ്ത്ര വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.