പ്രധാനമന്ത്രി, ആരുടെ നിലവറകൾ നിറക്കാനാണ്​ ഈ നിയമങ്ങൾ - മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി പ്രാസംഗികയും എം.പിയുമായ മഹുവ മൊയ്ത്ര. ആരുടെ നിലവറകൾ നിറക്കാനാണ്​ കാർഷിക നിയമങ്ങൾ സഹായിക്കുക എന്നടക്കം പ്രധാനമന്ത്രിയോട്​ മൂന്ന്​ ചോദ്യങ്ങളുമായി അവർ ട്വീറ്റ്​ ചെയ്​തു.

യഥാർഥത്തിൽ ആർക്കാണ്​ ഈ കാർഷിക നിയമങ്ങൾ വേണ്ടത്​ ?, ആരുടെ നിലവറകളാണ്​ ഈ നിയമങ്ങൾ കാരണം നിറയുക ? , കാർഷിക നിയമങ്ങൾ സംബന്ധിച്ച്​ പ്രധാനമന്ത്രി പുനരാലോചന നടത്തിയാൽ ആർക്കാണ്​ നഷ്​ടം? എന്നിങ്ങനെ മൂന്ന്​ ചോദ്യങ്ങളാണ്​ അവർ പ്രധാനമന്ത്രിയോട്​ ഉന്നയിച്ചത്​.

ഡൽഹിയിലെ കാർഷിക സമരം 36 ദിവസം പൂർത്തിയാക്കിയിട്ടും നിയമങ്ങളിൽ മാറ്റം വരുത്താൻ തയാറാകാതെ കേന്ദ്ര സർക്കാർ പിടിവാശി തുടരുന്ന സാഹചര്യത്തിലാണ്​ മഹുവ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്​. കോർപറേറ്റുകൾക്ക്​ വേണ്ടിയാണ്​ കേന്ദ്രസർക്കാർ കാർഷിക നിയമം കൊണ്ടുവന്നതെന്ന വിമർശനം തൃണമൂൽ നിരന്തരം ഉയർത്തിയിരുന്നു.

കർഷകരുടെ നന്മക്കായാണ്​ നിയമങ്ങൾ കൊണ്ടുവന്നതെന്ന കേന്ദ്രത്തിന്‍റെ വാദത്തിലെ വസ്​തുതയില്ലായ്​മ തുറന്നു കാട്ടുന്ന രൂപത്തിലാണ്​ മഹുവയുടെ ട്വീറ്റ്​. കർഷകർ പറയുന്നത്​ നിയമങ്ങൾ അവരെ സഹായിക്കുന്നില്ലെന്നാണെന്ന്​ അവർ പറഞ്ഞു. കാർഷിക നിയമങ്ങൾ ഉണ്ടാക്കുന്നതിന്​ മുമ്പ്​ കർഷക യൂണിയനുകളുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. എന്നാൽ, അംബാനിയും അദാനിയും വലിയ വിള സംഭരണ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുമുണ്ടെന്ന്​ അവർ വിമർശിച്ചു.

കർഷകരുടെ സമരം 36 ദിവസം പൂർത്തിയായിട്ടും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ്​ കേന്ദ്ര സർക്കാറിന്‍റെ നിലപാട്​. 


Tags:    
News Summary - mahua moitra tweets against modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.