ഗുവാഹത്തി: മുംബൈയിലേക്ക് ഉടൻ തിരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കി അസമിൽ കഴിയുന്ന ശിവസേന വിമത എം.എൽ.എ ഏക്നാഥ് ഷിൻഡെ. മുംബൈയിലെത്തി ബാൽസാഹെബ് താക്കറെയുടെ പാരമ്പര്യം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ മാധ്യമങ്ങളോട് പറഞ്ഞു.
'എന്നോടൊപ്പം 50 പേർ ഗുവാഹത്തിയിൽ ഉണ്ട്. സ്വന്തം താത്പര്യപ്രകാരവും ഹിന്ദുത്വത്തിന് വേണ്ടിയുമാണ് അവർ വന്നത്. ഞങ്ങൾ ഉടൻ മുംബൈയിലേക്ക് മടങ്ങും.' -ഗുവാഹത്തിൽ വിമത എം.എൽ.എമാർക്കൊപ്പം കഴിയുന്ന ഹോട്ടലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിൽ നിന്നോ ഡൽഹിയിൽ നിന്നോ ആയിരിക്കും വിമത പക്ഷം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം പോലുള്ള അടുത്ത നടപടി സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.
അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കാനുള്ള നോട്ടീസിന് മറുപടി നൽകാൻ കഴിഞ്ഞ ദിവസം വിമതർക്ക് ജൂലൈ 12 വരെ സമയം നീട്ടി നൽകിയിരുന്നു. മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഷിൻഡെ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ഈയാഴ്ച ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷിൻഡെയുൾപ്പെടെ വിമത എം.എൽ.എമാർക്ക് കേന്ദ്രസർക്കാർ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.