മഹാരാഷ്ടയിൽ വീണ്ടും കർഷക ആത്മഹത്യ; മോദി സർക്കാറാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പ്

ഭോപ്പാൽ: ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി നൽകിക്കൊണ്ട് മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ. തന്‍റെ കൃഷിയിടത്തിൽ വിഷം കഴിച്ചാണ് ശങ്കർ ബറുവ ചായ് രേ (50) ആത്മഹത്യ ചെയ്തത്. മോദി സർക്കാറാണ് തന്‍റെ മരണത്തിനുത്തരവാദി എന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പലരുടേയും പേര് പരാമർശിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് കർഷകൻ ആത്മഹത്യ ചെയ്തത്. വസന്ത് രാവു നായിക് മെഡിക്കൽ കോളജിൽ നിന്നും ഇദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ വീട്ടുകാർ ഇതുവരെ തയാറായിട്ടില്ല. മോദി നേരിട്ടെത്തി സ്ഥലം സന്ദർശിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധികൾ സ്ഥലത്തെത്തി മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

ചൊവ്വാഴ്ച രാവിലെ ശങ്കർ ബറുവ കഷിയിടത്തിലെത്തി മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും കയറുപൊട്ടി നിലത്തുവീഴുകയായിരുന്നു. പിന്നീടാണ് ഇയാൾ വിഷം കഴിച്ചത്. വിവരമറിഞ്ഞെത്തിയ മറ്റ് കർഷകർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. 

രണ്ട് പേജിലാണ് ബറുവ ആത്മഹത്യാക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. എം.പി, എം.എൽ.എമാർ, മന്ത്രിമാർ എന്നിവരെ കണ്ട് തന്നെ സഹായിക്കാൻ അപേക്ഷിച്ചെങ്കിലും ഇവരൊന്നും സഹായിച്ചില്ല എന്നും ബറുവ എഴുതിയിട്ടുണ്ട്. ഒൻപത് ഏക്കറിൽ പരുത്തിക്കൃഷി ചെയ്യാൻ വേണ്ടി സഹകരണ ബാങ്കിൽ നിന്ന് 90,000 രൂപയും സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് ഇയാൾ കടമെടുത്തിട്ടുള്ളത്. വിദർഭയിലെ പല മേഖലകളിലും കണ്ടുവരുന്ന കീടം കൃഷിയിടത്തെ ആക്രമിച്ച് പരുത്തിക്കൃഷി നശിച്ചുപോയതിനാൽ വായ്പ തിരിച്ചടക്കാനാകാത്തതാണ് ബറുവയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

സർക്കാറിന്‍റെ അനാസ്ഥയും ബാങ്കുകളുടെ കെടുകാര്യസ്ഥതയും മൂലം കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനായി സർക്കാർ 2017ൽ പ്രഖ്യാപിച്ച  പദ്ധതിയുടെ നേട്ടം ഭൂരിഭാഗം കർഷകർക്കും ലഭിച്ചിട്ടില്ല. 

Tags:    
News Summary - Maharashtra Farmer Kills Self, Suicide Note Says 'Narendra Modi Govt is Responsible'-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.