അനിൽ ദേശ്മുഖ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പ്രത്യേക പി.എം.എൽ.എ കോടതി തള്ളി. സ്‌പെഷ്യൽ ജഡ്ജി ആർ.എൻ.റൊകഡെയാണ് ജാമ്യാപേക്ഷ തള്ളി കൊണ്ട് ഉത്തരവിട്ടത്. 2021 നവംബർ 2 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ദേശ്മുഖ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദേശ്മുഖിന്‍റ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് ജഡ്ജി പറഞ്ഞു. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിലും അത് ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് ജാമ്യ ഹരജി പരിഗണിച്ച് റൊകഡെ പറഞ്ഞു.

അനിൽ ദേശ്മുഖിന്റെ ആദ്യത്തെ റെഗുലർ ജാമ്യാപേക്ഷയായിരുന്നു ഇത്. സാങ്കേതിക കാരണങ്ങളാൽ ഇദ്ദേഹം മുമ്പ് സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഈ വർഷം ജനുവരിയിൽ സമർപ്പിച്ച റെഗുലർ ഹരജിയിൽ താൻ അന്വേഷണ ഏജൻസികളുടെ കടുത്ത പീഡനങ്ങളുടെ ഇരയാണെന്ന് അനിൽ ദേശ്മുഖ് വാദിച്ചിരുന്നു.

നിയമപ്രക്രിയയെ അട്ടിമറിച്ച് കൊണ്ടുള്ള ഭീകര ഭരണത്തിലെ അധികാര ദുരുപയോത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കേസെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം കേസുകൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് മരണമണി മുഴക്കുമെന്ന് അനിൽ ദേശ്മുഖ് ഹരജിയിൽ പറഞ്ഞു. കേസിലെ പ്രധാന സൂത്രധാരൻ ദേശ്മുഖാണെന്നാരോപിച്ച് ഇ.ഡി അദ്ദേഹത്തിന്റെ ഹരജിയെ എതിർത്തിരുന്നു.

അനിൽ ദേശ്മുഖിന്‍റെ നിർദേശപ്രകാരം കേസിലെ പ്രതിയായ പൊലീസുകാരൻ സച്ചിൻ വാസെ ബാറുടമകളിൽ നിന്ന് പണം പിരിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.

മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങാണ് അനിൽ ദേശ്മുഖിനെതിരെ അഴിമതി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചത്. അതിനുശേഷമാണ് ഇ.ഡിയും, സി.ബി.ഐയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ അനിൽ ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സച്ചിൻ വാസെ വഴി മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് 4.70 കോടി രൂപ പിരിച്ചെടുത്തുവെന്നുമാണ് ഇ.ഡിയുടെ കേസ്.

Tags:    
News Summary - Maharashtra Ex Home Minister's Bail Rejected In Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.