മുംബൈ: മഹാരാഷ്ട്രയിലെ റായ്ഡഗ് ജില്ലയിലെ രേവന്ദക്ക് സമീപം കടലിൽ ഭാഗികമായി മുങ്ങിയ ചരക്ക് കപ്പലിൽനിന്ന് 16 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. എം.വി മംഗലത്തിലെ ക്രൂ അംഗങ്ങളെയാണ് പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് രക്ഷിച്ചത്. ഒരു കപ്പലും രണ്ട് ഹെലികോപ്റ്ററിലുമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.
മാരിടൈം റെസ്ക്യൂ കോഓഡിനേഷൻ സെൻറിൽ (എം.ആർ.സി.സി) വ്യാഴാഴ്ച രാവിലെയാണ് എം.വി മംഗളത്തിൻെറ സെക്കൻഡ് ഓഫിസർ അപകട വിവരം അറിയിച്ച് വിളിക്കുന്നത്. രേവന്ദ തുറമുഖത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കപ്പൽ ഭാഗികമായി മുങ്ങിയത്. കപ്പലിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ജീവനക്കാർ പരിഭ്രാന്തരായി.
ഉടൻ തന്നെ എം.ആർ.സി.സി അധികൃതർ കോസ്റ്റ് ഗാർഡിനെ അറിയിച്ചു. തുടർന്ന് ഡിഗി തുറമുഖത്തുനിന്ന് സുഭദ്ര കുമാരി ചൗഹാൻ കപ്പലും ദാമനിലെ എയർ സ്റ്റേഷനിൽനിന്ന് രണ്ട് ചേതക് ഹെലികോപ്റ്ററുകളും എം.വി മംഗലം ലക്ഷ്യമാക്കി കുതിച്ചു.
രാവിലെ 10.15ഓടെ ഇവ കപ്പലിന് അടുത്തെത്തി. തുടർന്ന് ജീവനക്കാരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ഉയർത്തി. ഇങ്ങനെ 16 ജീവനക്കാരെയും രക്ഷിച്ചു. ക്രൂ അംഗങ്ങളെ രേവന്ദ തുറമുഖത്തേക്ക് കൊണ്ടുപോയി വൈദ്യസഹായം നൽകിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.