മുംബൈ : ജോൺസൻ ആൻഡ് ജോൺസിന്റെ ജോൺസൻസ് ബേബി പൌഡർ നിർമ്മാണ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ആണ് ലൈസൻസ് റദ്ദാക്കിയത്. പൗഡറിന്റെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് നിലവാരം ഉള്ളത് അല്ല എന്നു കണ്ടെത്തിയതോടെയാണ് നടപടി.
പൗഡറിന് അനുവദനീയ പരിധിക്ക് മുകളിൽ പി.എച് മൂല്യമുണ്ടെന്ന് എഫ്.ഡി.എ കണ്ടെത്തി. പൗഡർ നവജാത ശിശുക്കളുടെ ചർമ്മത്തെ ബാധിക്കുമെന്ന് എഫ്.ഡി.ഐ വാർത്ത കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഇനി ടാൽക് അധിഷ്ഠിത ബേബി പൗഡർ നിർമ്മിക്കാനോ വിൽപ്പന നടത്താനോ ജോൺസൻ ആൻഡ് ജോൺസൻസിന് അനുമതിയില്ലെന്നും എഫ്.ഡി.എ വ്യക്തമാക്കി. നിലവിലുള്ള സ്റ്റോക്കുകളെല്ലാം തിരിച്ചെടുക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടു.
സാമ്പിൾ പരിശോധന ഫലം ജോൺസൻ ആൻഡ് ജോൺസൻസ് നിഷേധിക്കുകയും കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയും എഫ്.ഡി.എയുടെ കണ്ടെത്തൽ ശരിവെച്ചു.
2023 മുതൽ ടാൽക്ക് അധിഷ്ഠിത ബേബി പൌഡർ നിർമിക്കില്ലെന്നും പകരം ചോളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തു ഉപയോഗിക്കുമെന്നും ആഗസ്റ്റിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. പൗഡറിനെതിരെ അമേരിക്കയിലും കാനഡയിലും നടക്കുന്ന നിയമനടപടികൾക്കിടെയാണ് ടാൽക് അധിഷ്ഠിത ബേബി പൗഡർ നിർത്തലാക്കുന്നതായി കമ്പനി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.