ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; ഒരു മദ്റസ കൂടി പൊളിച്ചു

ലഖ് നൗ: ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സന്ത് കബീർ നഗറിൽ ഭരണകൂടം മദ്റസ പൊളിച്ചുനീക്കി. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന യു.കെ ആസ്ഥാനമായുള്ള ഇസ്‍ലാമിക പ്രഭാഷകൻ മൗലാന ശംസുൽ ഹുദാ ഖാനുമായി ബന്ധപ്പെട്ടതാണ് മദ്റസയെന്നാണ് അധികൃതർ പറയുന്നത്.

സന്ത് കബീർ നഗറിലെ ഖലീലാബാദ് ടൗണിലുള്ള മീറ്റ് മണ്ടി പ്രദേശത്താണ് ഈ മദ്റസ. സർക്കാർ ഭൂമി കൈയേറിയാണ് മദ്റസ നിർമിച്ചതെന്നാണ് അധികൃതരുടെ വാദം. കെട്ടിടം പൊളിക്കാനുള്ള നോട്ടീസിനെതിരെ മദ്റസ കമ്മിറ്റി സമർപ്പിച്ച അപ്പീൽ കോടതി തള്ളിയതിനെത്തുടർന്നാണ് ഞായറാഴ്ച നടപടി ആരംഭിച്ചത്.

ബ്രിട്ടീഷ് പൗരത്വമുള്ള മൗലാന ശംസുൽ ഹുദാ ഖാന് പാകിസ്താനിലെ തീവ്രവാദ സംഘടനയായ ‘ദഅവത്ത്-ഇ-ഇംസ്‍ലാമി’ യുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

മദ്റസ നിർമിച്ച ഭൂമി അടുത്തിടെ സർക്കാർ ഭൂമിയായി രേഖപ്പെടുത്തിയിരുന്നതായും കെട്ടിടത്തിന് അംഗീകൃത പ്ലാൻ ഉണ്ടായിരുന്നില്ലെന്നും എസ്.ഡി.എം ഹൃദയ് റാം തിവാരി അറിയിച്ചു.

നിലവിൽ കോടതിയിൽ കേസുകളൊന്നും നിലവിലില്ലാത്തതിനാലാണ് കനത്ത പൊലീസ് സുരക്ഷയിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജയ് പ്രകാശ്, സർക്കിൾ ഓഫിസർ പ്രിയം രാജശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് നടപടികൾക്ക് മേൽനോട്ടം വഹിച്ചത്.

Tags:    
News Summary - Madrasa demolished in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.