ഹാര്‍ട്ട് ഓഫ് ഏഷ്യ: ഇന്ത്യക്ക് നയതന്ത്ര വിജയം

അമൃത്സര്‍:  അഫ്ഗാനിസ്താന്‍ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാകിസ്താനുമേല്‍ ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം. സമ്മേളനം അംഗീകരിച്ച അമൃത്സര്‍  പ്രഖ്യാപനത്തില്‍ ദക്ഷിണേഷ്യന്‍ സമാധാനത്തിന് ഗുരുതര ഭീഷണിയായ, പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ഭീകരസംഘടനകളായ ലശ്കറെ ത്വയ്യിബയുടെയും ജയ്ശെ മുഹമ്മദിന്‍െറയും പേരെടുത്ത് പരാമര്‍ശിക്കുന്നത് ഇന്ത്യന്‍ നീക്കങ്ങള്‍ക്കുള്ള  അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായാണ്  ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാക് കേന്ദ്രമായ ഭീകര സംഘടനകളുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. താലിബാന്‍, ഐ.എസ്, ഹഖാനി ഗ്രൂപ്പുകള്‍, അല്‍ഖാഇദ, തഹ്രീകെ താലിബാന്‍ പാകിസ്താന്‍ തുടങ്ങിയ ഭീകരസംഘടനകളെക്കുറിച്ചും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പ്രഖ്യാപനത്തിലുണ്ട്.

സമ്മേളനത്തിന്‍െറ സംയുക്ത ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനിയും പാകിസ്താനെതിരെ ആഞ്ഞടിച്ചു. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ മുന്നിലിരുത്തിയായിരുന്നു വിമര്‍ശനം. മേഖലയില്‍ തീവ്രവാദം തുടച്ചുനീക്കുന്ന കാര്യത്തില്‍ ഇസ്ലാമാബാദ് കാണിക്കുന്ന അനാസ്ഥ ചുണ്ടിക്കാണിച്ചായിരുന്നു ഇന്ത്യയുടെയും അഫ്ഗാനിസ്താന്‍െറയും സംയുക്ത നീക്കം. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കെതിരെ  സര്‍താജ് അസീസ് തിരിച്ചടിച്ചു. ഒരു രാജ്യത്തെ എളുപ്പത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ലക്ഷ്യബോധത്തോടെ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ ആവശ്യമെന്നാണ് തങ്ങളുടെ നിലപാട്. നിയന്ത്രണരേഖയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം ചൂണ്ടിക്കാണിച്ച അദ്ദേഹം അഫ്ഗാനിസ്താനില്‍ സമാധാനം നിലനില്‍ക്കണമെന്ന കാര്യത്തില്‍ പാകിസ്താന്‍െറ നിലപാട് അചഞ്ചലമാണെന്ന് ചൂണ്ടിക്കാട്ടി.

Tags:    
News Summary - madi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.