ബന്ധുക്കളായ ആണ്‍കുട്ടികളോട് സംസാരിച്ചതിന് യുവതികൾക്ക്​ ക്രൂരമര്‍ദനം; അമ്മയടക്കം ഏഴുപേര്‍ പിടിയില്‍

ഭോപാൽ: ബന്ധുക്കളായ ആൺകുട്ടികളോട് സംസാരിച്ചതിന് അർധസഹോദരിമാരായ രണ്ട് യുവതികളെ ക്രൂരമായി മർദിച്ച ഏഴ്​ കുടുംബാംഗങ്ങൾ അറസ്റ്റിൽ. ഒരു യുവതിയുടെ അമ്മയും സഹോദരനുമടക്കമാണ്​ പിടിയിലായത്​. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപാൽവ ഗ്രാമത്തിൽ കഴിഞ്ഞമാസം 22നാണ്​ മർദനം നടന്നത്​. യുവതികളെ നാട്ടുകാരുടെ മുന്നിലിട്ട് അടിക്കുകയും തൊഴിക്കുകയും മുടിയിൽ പിടിച്ച്​ വലിച്ചിഴക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തുകയായിരുന്നു.

ഗോത്രവിഭാഗത്തിൽപ്പെട്ട യുവതികളാണ്​ ക്രൂരമർദനത്തിനിരയായത്. ബന്ധുവിന്‍റെ ആൺമക്കളോട് ഇരുവരും സംസാരിച്ചതായിരുന്നു മർദനത്തിന് കാരണമായത്​. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന്​ ഇവരെ വടി കൊണ്ടും കല്ല് കൊണ്ടും അടിക്കുന്നതും ചവിട്ടുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്​. പ്രതികളിലൊരാൾ വടി ഒടിയുന്നത്​ വരെ ഒരു യുവതിയെ തല്ലുന്നതും കാണാം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ഇത്​. എന്നിട്ടും ആരും ഇടപെട്ടില്ല. ചിലരാക​ട്ടെ, ഈ ദൃശ്യങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തുന്നതും കാണാമായിരുന്നു. ഒരു യുവതി ആൾക്കൂട്ടത്തിനിടയിൽ ബോധരഹിതയായി കിടക്കുന്നതും ഒരു വീഡിയോയിലുണ്ട്​. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചത്. യുവതികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്​.

ജൂൺ 25നാണ് ഈ ദൃശ്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ടാണ്ട പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് വാസ്കലെ പറഞ്ഞു. മർദനമേറ്റവർക്ക്​ ആദ്യം പരാതി നൽകാൻ ഭയമായിരുന്നു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Madhya Pradesh woman dragged by hair, thrashed for talking with relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.