ന്യൂഡൽഹി: അകന്നുകഴിയുന്ന ഭാര്യയുടെ പേരിൽ ഒാൺലൈൻ വ്യാപാര സൈറ്റുകളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവരെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഭാര്യ മാപ്പുനൽകിയതിനാൽ ഭർത്താവിനെതിരായ കേസ് കോടതി റദ്ദാക്കി.
എങ്കിലും ഇയാളുടെ ഹീനമായ പ്രവൃത്തിക്ക് പ്രായശ്ചിത്തമായി കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാഴ്ചക്കകം ലക്ഷം രൂപ അടക്കാൻ ഡൽഹി ഹൈകോടതി ഭർത്താവിനോട് നിർദേശിച്ചു. ഭാര്യയുടെ വിശാലമനസ്കതയെ കോടതി പ്രശംസിച്ചു. കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കിയ ശേഷം കേസ് റദ്ദാക്കണമെന്ന് ഭാര്യ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
2015ലാണ് കേസിനാസ്പദമായ സംഭവം. അകന്നുകഴിയുന്ന ഭാര്യയെ അപകീർത്തിപ്പെടുത്താൻ വ്യാപാര സൈറ്റുകളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിന് െഎ.ടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ലക്ഷം രൂപ പിഴയടക്കാൻ നിർദേശിച്ചതെന്ന് ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്ദേവ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.