മല്ലികാർജുൻ ഖാർഗെ
മ്ഹൗ: ഗംഗയിൽ മുങ്ങിനിവരുന്നത് ദാരിദ്ര്യത്തെ ഇല്ലാതാക്കുമോയെന്ന് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന ദിവസമാണ് ഖാർഗെയുടെ ചോദ്യം.
മധ്യപ്രദേശിലെ മ്ഹൗയിൽ ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗയിൽ മുങ്ങുന്നത് ക്യാമറകൾക്കുമുന്നിൽ മത്സരമാക്കി ബിജെപി നേതാക്കൾ മാറ്റുകയാണെന്ന് ഖാർഗെ ആരോപിച്ചു.
ഗംഗയിൽ മുങ്ങിയാൽ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമോ അതോ വിശക്കുന്ന വയറുകൾ നിറയ്ക്കുമോയെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു. ആരുടെയെങ്കിലും വിശ്വാസം ചോദ്യം ചെയ്യുകയല്ലെന്നും ആർക്കെങ്കിലും വിഷമം തോന്നിയാൽ ക്ഷമ ചോദിക്കുന്നു എന്നും ഖാർഗെ പറഞ്ഞു.
"ഒരു കുട്ടി പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥ, സ്കൂളിൽ പോകാനാവാത്ത അവസ്ഥ, തൊഴിലാളികൾക്ക് കൂലി കിട്ടാത്ത അവസ്ഥ, അത്തരമൊരു സമയത്ത്, ആളുകൾ ആയിരക്കണക്കിന് രൂപ ചിലവഴിച്ച് ഗംഗയിൽ മുങ്ങാൻ മത്സരിക്കുന്നു".
ക്യാമറയിൽ നന്നായി പതിയുന്നതുവരെ അവർ മുങ്ങി നിവരും. അത്തരക്കാർക്ക് രാജ്യത്തിന് ഗുണം ചെയ്യാൻ കഴിയില്ല. ആളുകൾ എല്ലാ ദിവസവും വീട്ടിൽ പൂജ നടത്തുന്നു, എല്ലാ സ്ത്രീകളും പൂജ നടത്തി വീട്ടിൽ നിന്ന് ഇറങ്ങുന്നു, ഒരു പ്രശ്‌നവുമില്ല. പക്ഷേ ദരിദ്രർ മതത്തിൻ്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നതാണ് പ്രശ്നം" ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.