കുത്തബ് മിനാർ സന്ദർശനത്തിനിടെ പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസദ്ദിഖ് മാലിക്


‘എല്ലാ നാഗരികതകളെയും ഒരേ സ്വരം പോലെ മാനിക്കണം'; ഷാങ്ഹായി സഹകരണ സംഘടനയുടെ ത്രിദിന നാഗരിക സംവാദ വേദിയുടെ ആഹ്വാനം

ന്യൂഡൽഹി: എല്ലാ നാഗരികതകളെയും ഒരേ സ്വരം പോലെ മാനിക്കണമെന്ന്, ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഷാങ്ഹായി സഹകരണ സംഘടന(എസ്.സി.ഒ)യുടെ നാഗരിക സംവാദ വേദി ആഹ്വാനം ചെയ്തു. ഡൽഹിയിലെ പുരാന കിലയിൽ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന്‍റെ സമാപനത്തിൽ പുറത്തിറക്കിയ ‘ഇന്ദ്രപ്രസ്ഥ കമ്മ്യൂണിക്കേ’ എന്ന സമാപനരേഖയിലാണ് ഈ ആഹ്വാനം. സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും നാഗരികതകൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിനും സാങ്കേതികവിദ്യയുടെ സൃഷ്ടിപരമായ വിനിയോഗത്തിനും രേഖ ആഹ്വാനം ചെയ്തു.

സാംസ്‌കാരിക പൈതൃകങ്ങളെ അനധികൃത കടത്തും പ്രകൃതിദുരന്തങ്ങളും മൂലമുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കണം. പൈതൃക സമ്പത്തുകളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം സുഗമമാക്കാൻ നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണം. വാസ്തുവിദ്യ, സംഗീതം, ഭക്ഷണ സംസ്‌കാരം, വസ്ത്രപാരമ്പര്യം തുടങ്ങിയ മേഖലകളിൽ അംഗരാജ്യങ്ങൾ പങ്കിടുന്ന പൊതുവായ പൈതൃകങ്ങളും സംസ്‌കാരവും രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും നല്ല അയൽബന്ധങ്ങൾക്കും ശക്തമായ പാലമാണ്. യുനെസ്കോ ലോകപൈതൃക പദവിക്കായി രാജ്യങ്ങൾ സംയുക്തമായി നാമനിർദേശം സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയും രേഖ ചൂണ്ടിക്കാട്ടി. റഷ്യ, ചൈന, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ ചേർന്ന് 2001-ൽ രൂപീകരിച്ച എസ്‌.സി.ഒയിൽ ഇന്ത്യയും പാകിസ്താനും 2017-ലും ഇറാൻ 2023-ലുമാണ് അംഗങ്ങളായത്.

ഇന്ത്യ - പാക് പ്രതിനിധികൾ ആശയവിനിമയം നടത്തി

നവംബർ 20 മുതൽ 22 വരെ നടന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പാകിസ്താൻ മന്ത്രി മുസദ്ദിഖ് മാലിക് ഉൾപ്പെടെ എസ്‌.സി.ഒ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്താനും തമ്മിൽ ഔപചാരിക ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ലെന്നും എന്നാൽ ഔദ്യോഗിക വിരുന്നുകളിലും മറ്റ് പരിപാടികളിലുമായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ആശയവിനിമയങ്ങൾ നടന്നതായും കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗ്രവാൾ വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ നിർദേശങ്ങളും ചർച്ചകളിൽ ഉയർന്ന ആശയങ്ങളും അടിസ്ഥാനമാക്കിയാണ് ‘ഇന്ദ്രപ്രസ്ഥ കമ്മ്യൂണിക്കേ’ തയ്യാറാക്കിയതെന്ന് അഗ്രവാൾ അറിയിച്ചു.

Tags:    
News Summary - India Hosts SCO Civilizational Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.