തങ്ങളുടെ കുടിവെള്ളം പൂർണമായും സുരക്ഷിതം; എഫ്.എസ്.എസ്.എ.ഐ നടപടിക്കു പിന്നാലെ പ്രതികരണവുമായി ബിസ്‌ലേരി

അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ കുപ്പിവെള്ള ബ്രാന്‍റായ ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു. ഇപ്പോളിതാ, എഫ്.എസ്.എസ്.എ.ഐ.യുടെ നടപടിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ബിസ്‌ലേരിയുടെ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിൽനിന്നാണ് പരിശോധനക്കായി സാമ്പിൾ ശേഖരിച്ചത്. ലബോറട്ടറി പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പനിയുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ റഫറൽ ലബോറട്ടറിയിൽ നടത്തിയ തുടർപരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ സാന്നിധ്യവും കണ്ടെത്തിയതോടെയാണ്, 2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി നൽകിയത്.

എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോഗത്തിന് പൂർണ്ണമായും സുരക്ഷിതമാണെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ്. റഫറൽ ലബോറട്ടറി പരിശോധനയിൽ ബ്രോമേറ്റ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയിരുന്നതായും, സ്വതന്ത്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനാ ഫലങ്ങൾ 2026 ഫെബ്രുവരിയിൽ എഫ്.എസ്.എസ്.എ.ഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിൽ സമർപ്പിച്ചിരുന്നുവെന്നും ബിസ്‌ലേരി വ്യക്തമാക്കി.

ഫലങ്ങൾ സമർപ്പിച്ചതിന് ശേഷം എഫ്.എസ്.എസ്.എ.ഐയിൽ നിന്ന് തുടർനടപടികളോ അറിയിപ്പുകളോ ഉണ്ടാകാത്തതിനാൽ വിഷയം അവസാനിച്ചതായാണ് കരുതിയിരുന്നതെന്നും, ഇതുവരെ ഇമെയിലിലൂടെയോ തപാൽ വഴിയോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്‌സ് കമ്പനികൾക്കുമെതിരെ എഫ്.എസ്.എസ്.എ.ഐ കർശന പരിശോധനകളും നിയമനടപടികളും തുടരുന്നതിനിടെയാണ് ഈ സംഭവം. ബിസ്‌ലേരിക്ക് പുറമെ വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾക്ക് റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Bisleri explanation after fssai procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.