തിരുവനന്തപുരം: പാചകവാതക വിലയിലുണ്ടായ റെക്കോർഡ് വർധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ ക്രൂരമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ച് 3,000 രൂപയ്ക്ക് മുകളിലാക്കിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് ഈ അന്യായമായ വിലവർധനവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാനായി എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന നയം തിരുത്തപ്പെടണം. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയാണ് കൂട്ടിയത്. ഇത് താങ്ങാനാവാതെ കേരളത്തിലെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം മാസങ്ങളായി പാചകവാതക ക്ഷാമം നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് ഈ തിരിച്ചടി അപ്രതീക്ഷിതമാണ്. ഇതിന്റെ ഭാരം ആത്യന്തികമായി സാധാരണക്കാരന്റെ തലയിലാണ് വന്നു വീഴുന്നത്. അമിതമായി വർദ്ധിപ്പിച്ച തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്
രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർദ്ധനവ്.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.
എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വർദ്ധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.