പുഷ്പവൃഷ്ടിയുമായി കോവിഡ് പോരാളികൾക്ക് ഇന്ത്യൻ സേനയുടെ സല്യൂട്ട് VIDEO

ന്യൂഡൽഹി: ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തി കോവിഡ് യുദ്ധമുഖത്തുള്ള പോരാളികളെ ഇന്ത്യൻ സേന ആദരിച്ചു. കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് മുകളിലൂടെ പറന്നാണ് ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായി വ്യോമസേനയുടെ വിമാനങ്ങൾ പുഷ്പവൃഷ്ടി നടത്തിയത്. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊച്ചി നേവൽ ബേസ് ആശുപത്രിയിലുമായിരുന്നു പുഷ്പവൃഷ്ടി. 

രാവിലെ പത്തരയോടെ  മൂന്ന് സൈനികത്തലവന്മാരും ഒരുമിച്ച് ഡൽഹിയിലെ പൊലീസ് മെമ്മോറിയലിൽ റീത്ത് സമർപ്പിച്ചാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ഡൽഹിയിൽ സുഖോയ് 30 വിമാനങ്ങളും മിഗ് 29 വിമാനങ്ങളും രാജ്പഥിൽ ഫ്ലൈപാസ്റ്റ് നടത്തുകയും ഇന്ത്യാഗേറ്റ് മുതൽ ചെങ്കോട്ട വരെയുള്ള സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ശ്രീനഗറിൽ ദാൽ തടാകത്തിലും ചണ്ഡിഗഡിൽ സുഖ്ന തടാകത്തിലുമാണ് ഫ്ലൈപാസ്റ്റ്. 

മുംബൈയിൽ മറൈൻ ഡ്രൈവിലാണ് ഫ്ലൈപാസ്റ്റ് നടന്നത്. കിങ് എഡ്വേർഡ് ആശുപത്രിയിലും കസ്തൂർബ ഗാന്ധി ആശുപത്രിയിലും പുഷ്പവൃഷ്ടി നടത്തി. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടന്നത്. 

മുെബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ അഞ്ച് കപ്പലുകൾ ഇന്ന് വൈകീട്ട് 7.30 മുതൽ 11.59 വരെ ദീപാലംകൃതമായിരിക്കും. 'കോറോണ പോരാളികളെ ഇന്ത്യ നമിക്കുന്നു' എന്ന പോസ്റ്ററും കപ്പലുകളിൽ പ്രദർശിപ്പിക്കും. കപ്പലുകൾ ദീപാലംകൃതമാക്കുന്നതിന് പുറമെ കോറോണ പോരാളികളെ ആദരിക്കാൻ ഗോവ നേവൽ ബേസിൽ മനുഷ്യചങ്ങലയും നിർമിക്കും.

കോവിഡ് പ്രതിരോധം: പോലീസിന് സൈന്യത്തിന്‍റെ ആദരം

കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കേക്ക് സമ്മാനിച്ചു. സൈന്യത്തിന്‍റെ വകയായി ഗ്ലൗസ്, മാസ്ക്, കുട്ടികള്‍ വരച്ച ആശംസാകാര്‍ഡുകള്‍ എന്നിവയും സൈന്യം പോലീസിന് കൈമാറി.

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്ക്കൊപ്പം പോലീസിന്‍റെ പ്രവര്‍ത്തനം ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പറഞ്ഞു. വൈറസിനെ ചെറുക്കുന്നതിലും ലോക്ഡൗണ്‍ നടപ്പാക്കുന്നതിലും പോലീസ് സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. രാജ്യത്തെങ്ങും പോലീസിനെ ആദരിക്കുന്നതിന് മുന്‍കൈയെടുത്ത സൈന്യത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദനം അറിയിച്ചു.

മുതിര്‍ന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥന്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Tags:    
News Summary - lower Showers In Armed Forces' Tribute To Coronavirus Warriors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.