ബാലസോറിലെ ട്രാക്കുകളിൽ ചിതറിക്കിടന്നതിൽ പ്രണയം തുടിക്കുന്ന വരികളും

ബാലസോർ: ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടം നടന്ന ട്രാക്കിൽ ചിതറിത്തെറിച്ച കടലാസുകൾക്കിടയിൽ പ്രണയം തുടിക്കുന്ന വരികളും. യാത്രക്കാരിലാരോ ഒഴിവു സമയത്ത് ഡയറിയിൽ കുറിച്ച വരികളാണ് ചോര ചിന്തിയ ട്രാക്കിൽ കീറിമുറിഞ്ഞ് കിടന്നത്.

ബംഗാളിയിലെഴുതിയ വരികളിൽ പ്രണയത്തുടിപ്പുണ്ടായിരുന്നു, പ്രതീക്ഷകളും. രണ്ട് കവിതാശകലങ്ങളാണ് ഡയറിയുടെ കീറിപ്പോയ പേജുകളിലായി കണ്ടെത്തിയത്. ഒരു പേജിന് പിറകിൽ ആനയുടെയും മത്സ്യത്തിന്റെയും സൂര്യന്റെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

‘ചിതറിയ മേഘങ്ങളിൽ നിന്ന് ചാറ്റൽമഴ പൊഴിയും

നാം കേട്ട ഓരോ കഥയിലും പ്രണയം പൂക്കും’ - എന്നാണ് ബംഗാളിയിൽ പേ​ന കൊണ്ടെഴുതിയ വരികൾ പറയുന്നത്. ഈ പേജിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​വൈറലായിരിക്കുകയാണ്. മറ്റൊരു പേജിൽ പാതി നിർത്തിയ ഒരു കവിത കൂടിയുണ്ട്.

‘എന്നും സ്നേഹത്തോടെ നീ കൂടെ വേണം

എന്നും നീ എന്റെ ഹൃദയത്തിലുണ്ട്’ എന്നായിരുന്നു ആ വരികൾ. ഈ വരികൾ ഹൃദയം തകർക്കുന്നുവെന്നും ജീവിതം പ്രവചനാതീതമാണെന്നും നെറ്റിസൺസ് കമന്റ് ചെയ്യുന്നു.

ഇതുവരെ ആരും ഈ കവിതകൾക്ക് അവകാശമുന്നയിച്ച് വന്നിട്ടില്ല. കവിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞും ആരും എത്തിയിട്ടില്ല. ഈ കവിയുടെ അവസ്ഥ എന്താണെന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Love Poems Found Scattered On Tracks At Odisha Train Crash Site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.