ജമ്മു കശ്മീർ സംവരണ ബില്ലും പുന:സംഘടനാ ഭേദഗതി ബില്ലും ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി: ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള രണ്ട് സുപ്രധാന ഭേദഗതി ബില്ലുകൾ ലോക്സഭ പാസ്സാക്കി. ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും പുന:സംഘടനാ ഭേദഗതി ബില്ലുമാണ് പാസ്സാക്കിയത്. ബിൽ അവതരണത്തിനിടെ അമിത്ഷാ നെഹ്റുവിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബില്ലാണ് പാസ്സാക്കിയതിലൊന്ന്. 2019ലെ ജമ്മു കശ്മീർ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടാണ് രണ്ടാമത്തെ ബിൽ പാസ്സാക്കിയത്. ജമ്മു കശ്മീർ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83ൽ നിന്ന് 90 ആക്കി വർധിപ്പിച്ചതാണ് പ്രധാന മാറ്റം.

ബില്ല് ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ ര‌ഞ്ജൻ ചൗധരിയും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നു. കശ്മീരിലെ ജവഹര്‍ലാൽ നെഹ്റുവിന്‍റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാൻ അധിർ രഞ്ജൻ ചൗധരി വെല്ലുവിളിച്ചു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചു.

പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. നെഹ്റുവിന്‍റെ കാലത്ത് ജമ്മു കശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീർ സുരക്ഷിതമായെന്നും ഷാ പറഞ്ഞു. പാക്അധീന കശ്മീരിൽ നിന്ന് എത്തുന്നവർക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ ഒരു സീറ്റ്‌നീക്കിവെക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളിൽ സുപ്രീംകോടതിയിൽ നിന്നുള്ള വിധി കാത്തിരിക്കെ പുന:സംഘടനാ ഭേദഗതി കൊണ്ടുവന്നതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രത്യേക പദവി ഒഴിവാക്കി നാല് വർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതും പ്രതിപക്ഷം ചോദ്യംചെയ്തു. 

Tags:    
News Summary - Lok Sabha Passes Jammu and Kashmir Reservation Bill, J&K Reorganisation (Amendment) Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.