അ​മൃ​ത്സ​റി​ൽ ന​ട​ന്ന

കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം

ലോക്സഭ തെരഞ്ഞെടുപ്പ്; അവസാന ഘട്ടത്തിൽ പഞ്ചാബിലെ 13 സീറ്റുകളും വിധിയെഴുതും

ലുധിയാന: ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ അവശേഷിക്കുന്ന പ്രധാന സംസ്ഥാനമായ പഞ്ചാബിലേക്ക് കണ്ണുനട്ട് രാജ്യം. ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസും എ.എ.പിയും മുഖാമുഖം നിൽക്കുന്ന ഇവിടെ 13 മണ്ഡലങ്ങളിലേക്കും ജൂൺ ഒന്നിന് ഒറ്റഘട്ടമായാണ് വോട്ടിങ്. പ്രധാന പോരാട്ടം ഇവർ രണ്ടുപേരും തമ്മിലാണെങ്കിലും ശിരോമണി അകാലിദൾ (എസ്.എ.ഡി), ബി.ജെ.പി എന്നിവകൂടി ചേർന്ന് ചതുഷ്കോണമാണ് മത്സരം.

ഭരണകക്ഷിയായ എ.എ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്നാണ്. മിക്കയിടങ്ങളിലും ആപിനെതിരെ കോൺഗ്രസ് ഒന്നാം കക്ഷിയായി മത്സരിക്കുമ്പോൾ ഗുർദാസ്പൂർ, അമൃതസർ, ഹോഷിയാർപൂർ, പട്യാല എന്നിവിടങ്ങളിൽ ബി.ജെ.പിയും ജയപ്രതീക്ഷ പുലർത്തുന്നുണ്ട്. 2019ൽ ഗുർദാസ്പൂർ, ഹോഷിയാർപൂർ എന്നിവിടങ്ങളിൽ ജയം പിടിച്ചത് ബി.ജെ.പിയായിരുന്നു.

പ​ട്യാ​ല​യി​ൽ ‘നാ​രി ന്യാ​യ് സ​മ്മേ​ള​നി​ൽ’ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി

ഇത്തവണ 13 മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.ജെ.പി താരപരിവേഷത്തോടെ അമൃതസറിൽ രംഗത്തിറക്കിയിരിക്കുന്നത് മുൻ അംബാസഡർ തരൺജിത് സിങ് സന്ധുവിനെയാണ്. പട്യാലയിൽ മുൻ കോൺഗ്രസ് എം.പി അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ, ലുധിയാനയിൽ മുൻ കോൺഗ്രസ് എം.പി രവ്നീത് സിങ് ബിട്ടു, ജലന്ധറിൽ മുൻ ‘ആപ്’ എം.പി സുഷീൽ കുമാർ റിങ്കു എന്നിവരും കാവിക്കൊടിയിൽ അങ്കം കുറിക്കുന്നു. രവ്നീത് സിങ് ബിട്ടുവിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ കോൺഗ്രസ് ടിക്കറ്റിലും അശോക് പരാശർ പാപ്പി ‘ആപി’നായും മത്സരിക്കുന്നു.

2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ട് സീറ്റ് നേടിയ​പ്പോൾ അകാലിദൾ, ബി.ജെ.പി എന്നിവക്ക് രണ്ടും ‘ആപി’ന് ഒന്നും കിട്ടി. വനിതകൾ ഏറ്റുമുട്ടുന്ന ഭട്ടിൻഡയിൽ അകാലിദൾ സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലിനെതിരെ കോൺഗ്രസിന്റെ ജീത് മൊഹീന്ദർ സിങ് സിദ്ദുവും ‘ആപ്’ ബാനറിൽ ഗുർമീത് സിങ് ഖുദിയാനും ബി.ജെ.പിക്കായി പരംപാൽ കൗർ സിദ്ദുവും അങ്കം കുറിക്കുന്നു.

മാൾവ വിധി നിർണയിക്കും

പഞ്ചാബ് വിശാലാർഥത്തിൽ മൂന്ന് മേഖലകളാണ്- മാൾവ, മജ്ഹ, ദൊആബ. ഇതിൽ ഏറ്റവും വലുതും രാഷ്ട്രീയമായി സ്വാധീനം കൂടുതലുള്ളതും സത്‍ലജ് നദിക്കപ്പുറത്തെ മാൾവയാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിശേഷിച്ച് ഇവിടെ ഏതു പാർട്ടി ഭൂരിപക്ഷം നേടുന്നോ അവർ ഭരണം രൂപവത്കരിക്കുന്നതാണ് പതിവ്. ലുധിയാന, ഭട്ടിൻഡ, ഫിറോസ്പൂർ, ഫരീദ്കോട്ട്, ഫത്തേഗഢ് സാഹിബ്, പട്യാല, അനന്തപൂർ സാഹിബ്, സംഗ്രൂർ എന്നീ എട്ടെണ്ണമാണ് മാൾവ പരിധിയിൽ വരുന്നവ.

ബിയാസ്- സത്‍ലജ് നദികൾക്കിടയിലെ ദൊആബ മേഖലയിൽ ഹോഷിയാർപൂർ, ജലന്ധർ എന്നിവയും രവി- ബിയാസ് നദികൾക്കിടയിലെ മജ്ഹയിൽ ഗുർദാസ്പൂർ അമൃതസർ, ഖദൂർ സാഹിബ് എന്നീ മണ്ഡലങ്ങളും ഉൾപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ മാൾവ മേഖലയിൽ ലുധിയാന, അനന്തപൂർ സാഹിബ്, പട്യാല, ഫത്ഹ്പൂർ സാഹിബ്, ഫരീദ്കോട്ട് എന്നിവയും മജ്ഹയിൽ അമൃതസർ, ഖദൂർ സാഹിബ് എന്നിവയും ദൊആബയിലെ ജലന്ധറുമായിരുന്നു കോൺഗ്രസ് ജയിച്ച മണ്ഡലങ്ങൾ.

2023ലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ കോൺഗ്രസിൽനിന്ന് ‘ആപ്’ പിടിച്ചെടുത്തു. 2019ൽ അകാലിദളിനൊപ്പം നിന്നത് ഭട്ടിൻഡ, ഫിറോസ്പൂർ എന്നിവയാണ്. സംഗ്രൂർ ‘ആപി​’നെ തുണച്ചപ്പോൾ ഹോഷിയാർപൂർ, ഗുർദാസ് പൂർ എന്നിവയിലായിരുന്നു ബി.ജെ.പി വിജയം. 

Tags:    
News Summary - Lok Sabha Elections- In the final phase all 13 seats in Punjab will be decided the vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.