ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ തിങ്കളാഴ്ചയോടെ നാലാംഘട്ടത്തിലേക്ക് കടന്നു. ഏതാനും ഇളവുകളോടെയാണ് നാലാംഘട്ടം നടപ്പാക്കുന്നത്. സോണുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.
മാർച്ച് 24നാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഒന്നാംഘട്ടം. രോഗബാധക്ക് ശമനമില്ലാതായതോടെ മേയ് മൂന്ന് വരെ രണ്ടാംഘട്ടവും പിന്നീട് മേയ് 17 വരെ മൂന്നാംഘട്ടവുമായി ലോക്ഡൗൺ നീട്ടി. ഇതാണ് നിലവിൽ മേയ് 31 വരെ നീട്ടിയത്.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്.
- ആഭ്യന്തര മെഡിക്കൽ സർവിസ്, ആഭ്യന്തര എയർ ആംബുലൻസ് സർവിസ്, സുരക്ഷാ ആവശ്യങ്ങൾ എന്നിവ ഒഴികെയുള്ള യാത്രക്കാർക്കായുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകളും നിരോധനത്തിൽ തുടരും.
- മെട്രോ റെയിൽ സർവിസും അനുവദിക്കില്ല.
- സ്കൂൾ, കോളജ്, ട്രെയിനിങ്, കോച്ചിങ് തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടൽ തുടരണം. ഓൺലൈൻ / വിദൂര വിദ്യാഭ്യാസം തുടരുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
- ഹോട്ടലുകൾ പ്രവർത്തിക്കരുത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിലെ കാന്‍റീനുകളും പ്രവർത്തിക്കാൻ പാടില്ല. അതേസമയം, ഹോം ഡെലിവറിക്ക് വേണ്ടി ഹോട്ടൽ അടുക്കള പ്രവർത്തിക്കാം.
- സിനിമാ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ, പാർക്കുകൾ, തിയേറ്ററുകൾ, ബാർ, ഓഡിറ്റോറിയം എന്നിവ അടഞ്ഞുകിടക്കും. സ്പോർട്സ് ഹാൾ, സ്റ്റേഡിയം എന്നിവ പ്രവർത്തിക്കാം. പക്ഷേ കാണികളെ അനുവദിക്കില്ല.
- എല്ലാ സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകൾക്കും നിരോധനം.
- ആരാധനാലയങ്ങൾ അടച്ചിടണം. മതപരമായ ഒത്തുചേരൽ അനുവദിക്കില്ല.
- രണ്ട് സംസ്ഥാനങ്ങളുടെയും സമ്മതത്തോടെ യാത്രാ വാഹനങ്ങളുടെയും ബസ്സുകളുടെയും അന്തർ സംസ്ഥാന സഞ്ചാരം അനുവദിച്ചിട്ടുണ്ട്. കൺടൈൻമെന്‍റ് സോണുകളിൽ ഒഴികെയാണിത്.
- സംസ്ഥാനത്തിനകത്തെ യാത്രാ വാഹനങ്ങളുടെയും ബസ്സുകളുടെയും സഞ്ചാരം സംസ്ഥാനത്തിന് തീരുമാനിക്കാം.
- റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ ഏതൊക്കെയാണെന്ന് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
- റെഡ്, ഓറഞ്ച് സോണുകളിലെ കൺടൈൻമെന്റ്, ബഫർ സോണുകൾ എന്നിവ തീരുമാനിക്കുക ജില്ലാ അധികാരികളാണ്.
- കൺടൈൻമെന്‍റ് സോണുകളിൽ അവശ്യ സർവിസുകൾക്ക് മാത്രം അനുമതി. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കും ഒഴികെ കൺടൈൻമെന്റ് സോണിന്‍റെ പരിധിവിട്ട് ആരെയും പുറത്തേക്കോ അകത്തേക്കാ പ്രവേശിപ്പിക്കരുത്.
- കൺടൈൻമെന്‍റ് സോണുകളിൽ കോൺടാക്റ്റ് ട്രേസിങ്, വീടുവീടാന്തരമുള്ള നിരീക്ഷണം എന്നിവ കാര്യക്ഷമമായി നടത്തണം.
- സംസ്ഥാനങ്ങൾക്ക് അതത് സോണുകളിലെ സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
- ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കും ആംബുലൻസിനും സംസ്ഥാനത്തിനകത്തും പുറത്തും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാൻ അനുവാദം.
- ചരക്ക് വണ്ടികൾക്ക് പൂർണ്ണ സഞ്ചാര സ്വതന്ത്ര്യം അനുവദിക്കണം.
- ആരോഗ്യ സേതു ആപ്പ് ഓഫിസുകളിലെ പരാമധി ജീവനക്കാരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. പൊതുജനങ്ങളും ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.